Sorry, you need to enable JavaScript to visit this website.

മ്യാൻമറിൽ മുസ്‌ലിം വിരുദ്ധ കലാപം വീണ്ടും; മുസ്‌ലിം വീടുകൾക്കുനേരെ  ആൾക്കൂട്ട ആക്രമണം; പള്ളിക്കു നേരെ മാർച്ച് 

യംഗോൺ- മ്യാൻമറിൽ മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങൾ റോഹിംഗ്യകളുടെ നാടായ റാഖൈൻ സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിക്കുന്നു. മധ്യ മ്യാൻമറിൽ മുസ്‌ലിമായ ഒരാളുടെ വീടിനു നേരെ ജനക്കൂട്ടം ആക്രമണം അഴിച്ചുവിട്ടതായും അക്രമോത്സുകരായ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പോലീസിന് വെടിവെക്കേണ്ടി വന്നതായും അധികൃതർ പറഞ്ഞു. പടിഞ്ഞാറൻ സംസ്ഥാനമായ റാഖൈനിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് മറ്റിടങ്ങളിൽ വർഗീയ സംഘർഷം വ്യാപിക്കുന്നതെന്നും സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

റാഖൈനിലെ രൂക്ഷമായ സംഘർഷങ്ങളും കൂട്ടപലായനങ്ങളും മ്യാൻമറിലെ ഭൂരിപക്ഷ വിഭാഗമായ ബുദ്ധിസ്റ്റുകൾക്കും പാടെ തഴയപ്പെട്ട മുസ്‌ലിം ന്യൂനപക്ഷത്തിനുമിടയിലെ വിടവ് കൂട്ടിയിരിക്കുന്നു. മധ്യമ്യാൻമറിലെ മാഗ്‌വെ മേഖലയിലെ തോങ് ട്വിൻ ഗീ ടൗണിലാണ് ഞായറാഴ്ച രാത്രി പുതിയ വർഗീയ പ്രശ്‌നങ്ങൾ ഉണ്ടായത്. ബുദ്ധിസ്റ്റ് ഭൂരിപക്ഷ പ്രദേശമായ ഇവിടെ നാനൂറോളം പേർ ചേർന്ന് ദേശീയ ഗാനം ചൊല്ലി പ്രദേശത്തെ ഒരു മുസ്‌ലിം വീടിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കനത്ത കല്ലേറുണ്ടായി. ശേഷം ജനക്കൂട്ടം പള്ളിയിലേക്ക് മാർച്ച് നടത്തുകയായിരുന്നു. ഇവിടെ വെച്ച് പോലീസ് ജനക്കൂട്ടത്തെ റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ച് ആട്ടിയോടിക്കുകയായിരുന്നു. 

സംഭവത്തിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ജനങ്ങളോട് സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും മുസ്‌ലിംകളോട് വീട് വിട്ടു പുറത്തിറങ്ങരുതെന്ന് നിർദേശിച്ചതായും പ്രാദേശിക പാർലമെന്റംഗം മിൻ തെയ്ൻ പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. മധ്യ മ്യാൻമറിൽ 2013ൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ മുസ്‌ലിം വിരുദ്ധ കലാപം നടന്നിരുന്നു. ഈ സംഭവത്തിനു ശേഷം ബുദ്ധ തീവ്രവാദികൾ രാജ്യത്തുടനീളം മുസ്‌ലിം പള്ളികൾക്കും മതകേന്ദ്രങ്ങൾക്കുമെതിരെ നിരന്തരം ആക്രമണം നടത്തിവരികയാണ്. സ്ഥിതിഗതികൾ വീണ്ടും അത്തരമൊരു കലാപത്തിലേക്ക് നീങ്ങാതിരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
 

Latest News