Sorry, you need to enable JavaScript to visit this website.

സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാന്‍ വൈകും

സാമൂഹിക അകലം പാലിച്ചു യാത്രക്കാരെ കയറ്റിയാല്‍ വന്‍നഷ്ടമെന്ന് ഉടമകള്‍

കല്‍പറ്റ-കേന്ദ്ര ആരോഗ്യമന്ത്രാലയം ഹരിതമേഖലയില്‍ ഉള്‍പ്പെടുത്തിയ വയനാട്ടില്‍ യാത്രക്കാരുടെ സമൂഹഅകലം ഉറപ്പുവരുത്തിയുള്ള പൊതുഗതാഗതത്തിനു അനുവാദം ഉണ്ടെങ്കിലും സ്വകാര്യബസുകള്‍ നിരത്തിലിറങ്ങാന്‍ വൈകും. കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ചു ഹരിതമേഖലകളില്‍ ഇരിപ്പിടശേഷിയുടെ 50 ശതമാനം യാത്രക്കാരുമായി ബസ് സര്‍വീസ് നടത്താം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ത്തന്നെ ബസ് സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചു സര്‍വീസ് നടത്തുന്നതു ഓരോ ബസുടമക്കും അധിക സാമ്പത്തിക ബാധ്യതക്കു കാരണമാകുമെന്നു ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിയംഗം പി.കെ. രാജശേഖരന്‍ പറഞ്ഞു.

കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ചു 38 സീറ്റുള്ള ബസില്‍ 18 യാത്രക്കാരെയാണ് ഒരേസമയം കയറ്റാനാകുക. കല്‍പറ്റ-ബത്തേരി റൂട്ട് ഉദാഹരണമായി എടുത്താല്‍ പകുതി യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന ഓരോ ബസിനും ദിവസം കുറഞ്ഞതു 2,500 രൂപയുടെ നഷ്ടം ഉണ്ടാകുമെന്നു രാജശേഖരന്‍ പറഞ്ഞു. കല്‍പറ്റയില്‍നിന്നു ബത്തേരിക്കു 25 കിലോമീറ്ററാണ് ദൂരം. 22 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാരുടെ സമൂഹഅകലം ഉറപ്പുവരുത്തി സര്‍വീസ് നടത്തിയാല്‍ ദിവസം 5,000 രൂപയില്‍ കൂടുതല്‍ ടിക്കറ്റ് വിറ്റുവരവ് ഉണ്ടാകില്ല. ഒരു ദിവസത്തെ സര്‍വീസിനു ഏകദേശം 70 ലിറ്റര്‍ ഡീസല്‍ വേണം. ഇതിനു മാത്രം 4,900 രൂപയാകും. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വേതനമായി 2,000 രൂപയോളം നല്‍കണം. ദിവസം റോഡ് നികുതി-ക്ഷേമനിധി ഇനത്തില്‍ 400-ഉം ഇന്‍ഷ്വറന്‍സ് പ്രീമിയം ഇനത്തില്‍ 250-ഉം രൂപ ചെലവ് വരും. വാഹനത്തിന്റെ തേയ്മാനം പുറമേ. ഈ സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചാല്‍പോലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചു സര്‍വീസ് നടത്തുന്നതു മുതലാകില്ലെന്നു രാജശേഖരന്‍ ചൂണ്ടിക്കാട്ടി.

 

Latest News