മുംബൈ- നാല്‍പത് ദിവസം പൂര്‍ത്തിയാകുന്ന ലോക്ഡൗണ്‍കാലത്ത് അശ്ലീല വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ച കാര്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഹാക്കര്‍മാര്‍ പണം ആവശ്യപ്പെടുന്നതായി മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗം വെളിപ്പെടുത്തി. നിരവധി പേര്‍ക്കാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കണമെങ്കില്‍ ബിറ്റ്‌കോയിനായി പണം നല്‍കണമെന്നാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. ഓണ്‍ലൈന്‍ പണമിടപാടിന് ഉപയോഗിക്കുന്ന വെര്‍ച്വല്‍ നാണയമാണ് ബിറ്റ് കോയിന്‍.
ഇത്തരം ഭീഷണിക്ക് വഴങ്ങരുതെന്നും മേലില്‍ ഇരയാകാതിരിക്കാന്‍ സൈബര്‍ ശുചിത്വം പാലിക്കണമെന്നുമാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. നൂറുകണക്കിനാളുകള്‍ക്ക് ഇത്തരം ഇമെയിലുകള്‍ ലഭിച്ചതായി സൈബര്‍ ക്രൈം ഉദ്യോഗസ്ഥര്‍ പറയുന്നു.
ഭൂരിഭാഗവും പ്രൊഫഷണലുകളും പ്രായമായവരും ബിസിനസുകാരുമാണ്. 50 പേര്‍ മാത്രമാണ് പരാതി നല്‍കാന്‍ തയാറായതെന്നും പോലീസ് പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിച്ചുവെന്നും ഇതാണ് ഇപ്പോള്‍ ഭീഷണിസന്ദേശങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ പാസ്‌വേഡ് അറിയാമെന്നും പോണ്‍ വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ച രഹസ്യം വെളിപ്പെടുത്താതിരിക്കണമെങ്കില്‍ 2900 ഡോളര്‍ ബിറ്റ് കോയിനായി നല്‍കണമെന്നും എങ്ങനെ ബിറ്റ് കോയിന്‍ വാങ്ങുമെന്നത് ഗൂഗിളില്‍ നോക്കിയാല്‍ അറിയാമെന്നുമാണ് പലര്‍ക്കും ലഭിച്ച സന്ദേശം.
ഇത്തരം സന്ദേശങ്ങള്‍ മുമ്പും ലഭിക്കാറുണ്ടെന്ന് മഹാരാഷ്ട്ര സൈബര്‍ പോലീസ് സൂപ്രണ്ട് ഡോ.ബാല്‍സിംഗ് രജ്പുത് പറഞ്ഞു. ധാരാളം പേര്‍ക്ക് ഇമെയിലുകള്‍ അയക്കുമ്പോള്‍ ചിലരെങ്കിലും കുടുങ്ങുമെന്നും സുരക്ഷിതരാകാന്‍ സൈബര്‍ ശുചിത്വം ഉറപ്പാക്കുക മാത്രമാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.