ന്യൂദല്‍ഹി- രാജ്യത്ത് കൊറോണ വൈറസിന്റെ ഏറ്റവും മോശം കാലഘട്ടം അവസാനിച്ചതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. മെയ് നാലുമുതല്‍ രാജ്യത്തിന്റെ പകുതി ഭാഗവും സാധാരണ നില്‍ കൈവരിക്കുമെന്നും ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
"ഏറ്റവും മോശം ഘട്ടം അവസാനിച്ചുവെന്ന് ഞാൻ കരുതുന്നു. പക്ഷേ, രോഗം ഇതുവരെ പൂർണ്ണമായും അടങ്ങിയിട്ടില്ല, നമ്മള്‍ എല്ലാ മുൻകരുതലുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടിയത്. (രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍) വിവിധ സോണുകൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. കോവിഡ് 19ന് ഒരു വാക്സിന്‍ വികസിപ്പിക്കുന്നതുവരെ സാമൂഹിക അകലം പാലിക്കുക എന്നത് ജീവിതത്തിന്റെ ഭാഗമാവണം" ജാവദേക്കര്‍ പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിതില്‍ ലോക്ക്ഡൗണ്‍ വിജയം കണ്ടതായും മറ്റുളള രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡിനെ നേരിടുന്നതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു.