സോൾ- ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംങ് ഉൻ വീണ്ടും പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടു. മൂന്നാഴ്ച നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്. വളം ഫാക്ടറിയുടെ ഉദ്ഘാടത്തിന് നാട മുറിക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നത്. അതേസമയം, ചിത്രത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
തന്റെ മുത്തശ്ശനും ഉത്തരകൊറിയൻ സ്ഥാപകനുമായ കിം ഉൽ സുങ്ങിന്റെ ജന്മദിനാഘോഷത്തിൽനിന്ന് വിട്ടുനിന്നതാണ് കിമ്മിന്റെ ആരോഗ്യസ്ഥിതിയെ പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് കാരണമായത്. ഹൃദയശസ്ത്രക്രിയക്ക് ശേഷം കിമ്മിന്റെ സ്ഥിതി അതീവഗുരുതരമാണെന്നായിരുന്നു റിപ്പോർട്ടുകൾ. കിം മരിച്ചെന്നും റിപ്പോർട്ടുകളുണ്ടായി. കിം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നായിരുന്നു ദക്ഷിണ കൊറിയ വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞിരുന്നു.