ജനീവ - മ്യാൻമറിലെ സൈനികാതിക്രമങ്ങളിൽ പൊറുമുട്ടി നാടുവിട്ട റോഹിങ്ക്യ മുസ്ലിംകളെ രാജ്യത്തു നിന്നും പുറത്താക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ വിമർശിച്ച് യുഎൻ. ഇവർക്കെതിരായ ഇന്ത്യയുടെ നടപടികളെ അപലപിക്കുന്നതായി യു.എൻ ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് സെയ്ദ് റഅദ് അൽ ഹുസൈൻ പറഞ്ഞു. യു.എൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ അഭയാർത്ഥി രേഖകളുള്ള 16,000 പേർ ഉൾപ്പെടെ 40,000ഓളം റോഹിങ്ക്യ മുസ്ലിംകളാണുള്ളത്. അന്താരാഷ്ട്ര നിയമം അനുസരിച്ച് ഇന്ത്യയ്ക്ക് ഇവരെ തങ്ങളുടെ ജീവനു ഭീഷണി നേരിടുന്ന സ്ഥലത്തേക്ക് നിർബന്ധപൂർവ്വം തിരിച്ചയക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യ മുസ്ലിംകൾക്കെതിരെ നടക്കുന്ന ക്രൂരമായ സൈനിക നടപടികൾ കഴിഞ്ഞ മാസം ഉണ്ടായ വിമത ആക്രമണങ്ങളുടെ പതിന്മടങ്ങാണെന്നും ഇതു അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ലക്ഷ്‌ത്തോളം പേർ ഇവിടെ നിന്നും ബംഗ്ലാദേശിലേക്ക് കൂട്ടപ്പാലായനം നടത്തി. 'സൈനികരും പ്രാദേശിക സംഘങ്ങളും റോഹിങ്ക്യ ഗ്രാമങ്ങളെ തീവച്ചു നശിപ്പിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൽ ഞങ്ങൽക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പേരെ കൊലപ്പെടുത്തിയതായുള്ള വിവരങ്ങളും രക്ഷപ്പെടുന്ന സാധാരണക്കാരെ വെടിവച്ചു കൊലപ്പെടുത്തിയതടക്കമുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്,' യുഎൻ ആസ്ഥാനത്ത് നടന്ന സമ്മേളനത്തിൽ സെയ്ദ് പറഞ്ഞു.
ബംഗ്ലാദേശ് അതിർത്തിയിൽ മ്യാൻമർ അധികൃതർ കുഴിബോംബ് സ്ഥാപിക്കുന്നതായുള്ള റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്ന് തിരിച്ചു വരുന്ന റോഹിങ്ക്യകളോട് പൗരത്വ രേഖ ആവശ്യപ്പെട്ട് തടയാനുള്ള നീക്കമുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.