Sorry, you need to enable JavaScript to visit this website.

കുടിയേറ്റ തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു

തെലങ്കാനയില്‍നിന്ന് ഝാര്‍ഖണ്ഡിലേക്ക് പോയത് 1200 തൊഴിലാളികള്‍

ഹൈദരാബാദ്- ലോക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ ആദ്യ ട്രെയിന്‍ തെലങ്കാനയില്‍നിന്ന് ഝാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടു. തെലങ്കാനയിലെ ലിംഗമ്പള്ളിയില്‍നിന്ന് ഝാര്‍ഖണ്ഡിലെ ഹതിയ ജില്ലയിലേക്കുള്ളതാണ് ട്രെയിന്‍.  1,200 തൊഴിലാളികളാണ് ട്രെയിനിലുള്ളത്.
സാമൂഹിക അകലം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ട്രെയിനില്‍ കുടിയേറ്റ തൊഴിലാളികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. 24 കോച്ചുകളുള്ള ട്രെയിനില്‍ ഒരു കംപാര്‍ട്ട്‌മെന്റില്‍ 72 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ എന്നാല്‍ സാമൂഹിക അകലം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 54 പേര്‍ മാത്രമേ നിലവില്‍ യാത്ര ചെയ്യുന്നുള്ളൂ.
തെലങ്കാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക ട്രെയിന്‍ ഓടിച്ചതെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ വക്താവ് പറഞ്ഞു. യാത്രക്കാരെ മുന്‍കൂട്ടി പരിശോധിക്കുകയും സ്റ്റേഷനിലും ട്രെയിനിലും സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മുന്‍കരുതലുകളും പാലിച്ചതായും വക്താവ് പറഞ്ഞു.
24 കോച്ചുകളിലായി 1,200 ഓളം കുടിയേറ്റക്കാരെ ട്രെയിന്‍ എത്തിക്കുന്നുവെന്നും തെലങ്കാനയിലെ ലിംഗമ്പള്ളിയില്‍ നിന്ന് ജാര്‍ഖണ്ഡിലെ ഹതിയയിലേക്കുള്ള ട്രെയിന്‍ പുലര്‍ച്ചെ 4:50 ന് പുറപ്പെട്ടുവെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. ഇത്തരം കൂടുതല്‍ ട്രെയിനുകളെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News