ന്യൂദല്‍ഹി- മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 27 ന് മുമ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഒരു സഭയിലും അംഗമല്ലാത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആശ്വാസമാകും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെള്ളിയാഴ്ചത്തെ യോഗത്തിലാണ് തീരുമാനം. നേരത്തെ സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനായി നിയമസഭാ കൗണ്‍സിലിലേക്കുള്ള ഒമ്പത് ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചിരുന്നു.
നവംബര്‍ 28ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെ സംസ്ഥാന നിയമസഭയില്‍ അംഗമായിരുന്നില്ല. ഭരണഘടന പ്രകാരമുള്ള വ്യവസ്ഥകള്‍ അനുസരിച്ച് ആറുമാസത്തിനുള്ളില്‍ സംസ്ഥാന നിയമസഭയിലേക്കോ കൗണ്‍സിലിലേക്കോ തെരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. ആ കാലാവധി മെയ് 27 ന് അവസാനിക്കും.