സൂററ്റ്- ഗുജറാത്തില്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് രണ്ടു ദിവസം മുമ്പ് കാണാതായ കോവിഡ് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 28 ന് കാണാതായ അമ്പതുകാരനെയാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്ന മുറിയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇയാള്‍ ഖത്തോദര പ്രദേശത്ത് സ്ഥിതിചെയ്യുന്ന ആശുപത്രി കാമ്പസിന് പുറത്ത് പോയില്ലെന്ന് ആശുപത്രിയുടെ പ്രാഥമിക അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങളില്‍നിന്നും മനസിലാക്കുന്നതായി ഖത്തോദര പോലിസ് അറിയിച്ചു.
ചികിത്സയിലായതിനാല്‍ ബന്ധുക്കളെ കാണാന്‍ സാധിക്കാതെ മനോവിഷമത്തിലായിരുന്നു ഇയാള്‍.ചൊവ്വാഴ്ച കാണാതായിരുന്നുവെങ്കിലും മൃതദേഹം ലഭിച്ചപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് കാണാതായ ആളാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ശേഷം സ്രവങ്ങള്‍ പരിശോധിച്ചപ്പോഴാണ് മരിച്ചത് കൊറോണ രോഗിതന്നെയാണെന്ന് മനസിലായതെന്ന് പോലിസ് അറിയിച്ചു.അദ്ദേഹത്തിന്റെ മകളും ഭാര്യയും അടങ്ങുന്ന കുടുംബം ക്വാറന്റൈനിലാണ്. ആത്മഹത്യ ചെയ്ത ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം കൊറോണ രോഗിയായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രീതി കപാഡിയ അറിയിച്ചു.