ന്യൂദൽഹി- ക്രമാതീതമായ രീതിയിൽ സ്വത്തിൽ വലിയ വർധന ഉണ്ടായ ലോക്‌സഭാ എം.പിമാരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 98 എം.എൽ.എമാരും നിരീക്ഷണത്തിലാണെന്നും ഇവരെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) സുപ്രീം കോടതിയെ അറിയിച്ചു. ഇവരുടെ പേരു വിവരങ്ങൽ ആദായ നികുതി വകുപ്പ് പുറത്തു വിട്ടിട്ടില്ല.
പൂർണ വിവരങ്ങളടങ്ങിയ റിപ്പോർട്ട് മുദ്രവച്ച കവറിൽ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് സിബിഡിടി അറിയിച്ചു. ഇവരുടെ സ്വത്തുകളെ സംബന്ധിച്ച് ആദായ നികുതി വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ലോക്‌സഭാ എംപിമാരുടെ സ്വത്തിൽ വൻ വർധനയും എംഎൽഎമാരുടെ സ്വത്തിൽ ക്രമാതീത വർധനയും കണ്ടെത്തിയിരുന്നു.
ലക്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക് പ്രഹരി എന്ന എൻജിഒ നടത്തിയ പഠനത്തിലെ കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം നടന്നത്. 26 ലോക്‌സഭാ എംപിമാർ, 11 രാജ്യസഭാ എംപിമാർ, 257 എംഎൽഎമാർ എന്നിവരുടെ സ്വത്തിൽ വലിയ തോതിൽ വളർച്ചയുണ്ടായെന്നാണ് ഈ എൻജിഒ കണ്ടെത്തിയത്. തെരഞ്ഞെടുപ്പൾ പരിശോധിച്ചാണ് ഇവരുടെ വരുമാനത്തിലെ വളർച്ച കണ്ടുപിടിച്ചത്.