നെയ്‌റോബി- കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ രണ്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പ്രവേശനം വിലക്കി കെനിയന്‍ ഭരണകൂടം.കിഴക്കന്‍ കെനിയയിലെ ദാദാബ് ക്യാമ്പിലും വടക്ക് പടിഞ്ഞാറ് കെനിയയിലെ കാക്കുമ ക്യാമ്പിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രി ഫ്രഡ് മറ്റിയാങ്ങി അറിയിച്ചു.ദദാബ് ക്യാമ്പില്‍ 2,17,000വും കാക്കുമ ക്യാമ്പില്‍ 1,90,000വും അഭയാര്‍ത്ഥികളാണുള്ളത്. സോമാലിയ, ദക്ഷിണ സുഡാന്‍, ഇത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് കഴിഞ്ഞ 20 വര്‍ഷമായി ക്യാമ്പുകളില്‍ കഴിയുന്നത്.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കെനിയന്‍ സര്‍ക്കാര്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. തലസ്ഥാനമായ നെയ്‌റോബിയില്‍ നിന്ന് പുറത്തേക്ക് യാത്ര അനുവദിക്കുന്നില്ല. മൂന്ന് തീരദേശ പട്ടണങ്ങളിലും വടക്ക് കിഴക്ക് കൗണ്ടിയായ മണ്ടേരയിലും കര്‍ഫ്യൂ നടപ്പാക്കിയിട്ടുണ്ട്.കെനിയയില്‍ 384 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ മരണപ്പെട്ടു. 129 പേരാണ് രോഗമുക്തി നേടിയത്.