ഹൈദരാബാദ്- യൂണിഫോം ധരിക്കാതെ സ്‌കൂളിലെത്തിയ ബാലികയെ പ്രാകൃതമായി ശിക്ഷിച്ച ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിനെതിരെ പ്രതിഷേധം. തന്നെ അധ്യാപകര്‍ പിടികൂടി ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ കൊണ്ടുപോയി നിര്‍ത്തുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി വിശദമായി പറയുന്ന വീഡിയോ പിതാവ് പുറത്തു വിട്ടതോടെയാണ് സ്‌കൂള്‍ അധികൃതരുടെ നിയമവിരുദ്ധ ശിക്ഷാമുറ പുറത്തറിയുന്നത്.
'ക്ലാസിലേക്ക് പോകുന്നതിനിടെ കായികാധ്യപകനാണ് യൂണിഫോമിട്ടില്ലെന്നു പറഞ്ഞ് എന്നെ പിടികൂടിയത്. യൂണിഫോം ധരിക്കാത്തതിന്റെ കാരണമറിയാന്‍ എന്റെ സ്‌കൂള്‍ ഡയറി പരിശോധിക്കൂവെന്ന് കേണപേക്ഷിച്ചെങ്കിലും ആരും തയാറായില്ല. പകരം ശകാരിച്ചു കൊണ്ടിരുന്നു. ഇതോടെ ഞാനാകെ ഭയന്നു. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. ഇംഗ്ലീഷ്, തെലുഗു അധ്യാപകര്‍ ഉള്‍പ്പെടെ രണ്ടു മൂന്ന് പേര്‍ അവിടെ ഉണ്ടായിരുന്നു. യുണിഫോമിടാതെ വന്ന് ചോദിച്ചതിന് ഉത്തരം പറയാതെ നില്‍ക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്നാണ് അവര്‍ ചോദിച്ചത്. ഇവളെ ആണ്‍കുട്ടികളുടെ ടോയ്‌ലെറ്റില്‍ കൊണ്ടു പോയി നിര്‍ത്താം. കുട്ടികള്‍ കാണട്ടെ എന്നു പറഞ്ഞ് അധ്യാപകര്‍ ശിക്ഷിക്കുകകയായിരുന്നു,' വീഡിയോയില്‍ പെണ്‍കുട്ടി വിശദീകരിച്ചു.
അഞ്ചു മിനിറ്റോളം ടോയ്‌ലെറ്റില്‍ നിര്‍ത്തിയ ശേഷം ക്ലാസിലേക്ക് വിട്ടുവെന്നും കുട്ടി പറഞ്ഞു. അലക്കിയിട്ട യൂണിഫോം ഉണങ്ങാത്തതിനാല്‍ സാധാരണ വേഷത്തില്‍ ക്ലാസിലിരിക്കാന്‍ അനുവദിക്കണമെന്ന് കുട്ടിയുടെ അമ്മ ഡയറിയില്‍ അപേക്ഷ എഴുതിയത് പിന്നീടാണ് അധ്യാപകര്‍ പരിശോധിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഇനി സ്‌കൂളില്‍ പോകില്ലെന്ന് പറഞ്ഞു കരയുന്ന കുട്ടിയെ പിതാവ് ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. വിഷയം അധ്യാപകരോട് പറഞ്ഞ് പരിഹരിച്ചിട്ടുണ്ടെന്നും ഇതിനെ ചൊല്ലി ആരും പ്രശ്‌നമുണ്ടാക്കില്ലെന്നും പിതാവ് കുട്ടിയെ ഉപദേശിക്കുന്നതു കേള്‍ക്കാം. എന്നാല്‍ സ്‌കൂളിലേക്കു പോകില്ലെന്ന നിലപാടില്‍ തന്നെയാണ് കുട്ടി. സംഭവം പുറത്തറിയിച്ചതിന് അധ്യാപകര്‍ തന്നെ അടിക്കുമെന്നും പീഡിപ്പിക്കുമെന്നുമാണ് പെണ്‍കുട്ടി പറയുന്നത്.
ബാലാവകാശ സംരക്ഷണ പ്രവര്‍ത്തകരും സംഭവമറിഞ്ഞതോടെ അധ്യാകര്‍ക്കെതിരെ നിയമനടപടി ഉണ്ടായേക്കാം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമത്തിന്റെ ലംഘനാണ് ഈ സംഭവമെന്നും സ്‌കൂളിനും അധ്യാപകര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നും അവകാശപ്രവര്‍ത്തകന്‍ അച്യുത റാവു ആവശ്യപ്പെട്ടു.