ന്യുദല്‍ഹി- ലോക്ക്ഡൗണ്‍ അനന്തര ഇന്ത്യയില്‍ പുതിയ ഫോണുകളില്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയിലിറക്കുന്ന ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ പ്രീ ഇന്‍സ്റ്റാള്‍ഡ് ആയി ലഭ്യമാക്കാന്‍ ഫോണ്‍ നിര്‍മാതാക്കളോട് ആവശ്യപ്പെടുന്നതോടൊപ്പം ഉപയോക്താക്കള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന തരത്തില്‍ സോഫ്റ്റ്‌വെയര്‍ സജ്ജീകരിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെടും. ലോക്ഡൗണ്‍ അവസാനിച്ചതിനു ശേഷമായിരുക്കും ഈ നിബന്ധന വയ്ക്കുന്നത്. ഇതിനുവേണ്ടി സ്മാര്‍ട്ഫോണ്‍ കമ്പനികളെ ബന്ധപ്പെടാന്‍ വിവിധ നോഡല്‍ ഏജന്‍സികളെ നിയോഗിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്മാര്‍ട്ഫോണുകളില്‍ ഈ ആപ്പ് നിര്‍ബന്ധമാക്കിയതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പുറപ്പെടും മുന്‍പ് ഈ ആപ് ഉപയോഗിച്ച് കോവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് സ്വയം പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
രാജ്യത്ത് ഇതിനകം 7.5 കോടി പേര്‍ മൊബൈല്‍ ഫോണില്‍ ആരോഗ്യസേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ മാത്രം ഈ ആപ്പിന്റെ ഡൗണ്‍ലോഡ് അഞ്ചുകോടി കടന്നു. നിലവില്‍ അപ്പിന്റെ ആന്‍ഡ്രോയിഡ് വെര്‍ഷന്‍ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.