ന്യൂദല്‍ഹി- ദല്‍ഹിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതി സ്റ്റേ ചെയ്യില്ലെന്ന് സുപ്രിംകോടതി. പുനര്‍നവീകരണ പദ്ധതിക്കായി വേണ്ടിവരുന്ന ഭൂവിനിയോഗത്തില്‍ മാറ്റം വേണമെന്ന കേന്ദ്രത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. പുതിയ പാര്‍ലമെന്റ് മന്ദിരവും മന്ത്രിമാര്‍ക്കുള്ള സെക്രട്ടറിയേറ്റ് കോംപ്ലക്‌സ്,പ്രധാനമന്ത്രിയ്ക്ക് പുതിയ വസതി എന്നിവ ഉള്‍പ്പെടുന്നതാണ് വിസ്റ്റ പദ്ധതി. 2024 ഓടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് കണക്കുകൂട്ടല്‍.
ദല്‍ഹി ഡവലപ്പ്‌മെന്റ് അതോറിറ്റി കഴിഞ്ഞ ഡിസംബറില്‍ സൗത്ത് ബ്ലോക്കിന് സമീപമുള്ള ഡല്‍ഹൗസി റോഡിലെ പതിനഞ്ച് ഏകര്‍ ഭൂമി വിനോദ ആവശ്യങ്ങള്‍ക്ക് എന്നതിന് പകരം പാര്‍പ്പിട ആവശ്യത്തിന് എന്നാക്കി മാറ്റിയിരുന്നു. ഈ പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ വസതി കൂടി ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കൊറോണ രാജ്യവ്യാപകമായി പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ഈ പദ്ധതിയുമായി മുമ്പോട്ട് പോകുന്നതിനെയാണ് വിമര്‍ശിച്ചത്. 20,000 കോടിരൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതി റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സോണിയാ ഗാന്ധി കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.