Sorry, you need to enable JavaScript to visit this website.

പിപിഇ കിറ്റുകളും മാസ്‌കും ഇല്ല; ഫ്രാന്‍സിലും നഗ്നരായി പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍

പാരീസ്-  കൊറോണ പ്രതിസന്ധികള്‍ക്കിടയില്‍ ആവശ്യത്തിന് പിപിഇ കിറ്റുകളോ മാസ്‌കോ മറ്റ് പ്രതിരോധ ഉപകരണങ്ങളോ ഇല്ലാതെയാണ് പല രാജ്യങ്ങളിലും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. മഹാമാരിക്കെതിരെ പോരാടാന്‍ ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കാത്ത സര്‍ക്കാരുകള്‍ക്ക് എതിരെ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജര്‍മനിയില്‍ പിപിഇ കിറ്റുകള്‍ ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നഗ്നരായി ജോലിചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. ഈ പ്രതിഷേധ രീതി  മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഫ്രാന്‍സില്‍  ഡോ.മൗധ് ബ്രിയാന്‍ റേ എന്ന വനിതാ ദന്തഡോക്ടറും പിപിഇ കിറ്റുകള്‍ നല്‍കാത്ത അധികൃതര്‍ക്ക് എതിരെ സമാന രീതിയില്‍ പ്രതിഷേധിച്ചു. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലെ തന്റെ ആശുപത്രി ക്ലിനിക്കില്‍ നഗ്നയായിരിക്കുന്ന ചിത്രമാണ് ഡോക്ടര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 72കാരനും ദന്തഡോക്ടറുമായ തന്റെ പിതാവിനൊപ്പമുള്ള ചിത്രമാണ് അവര്‍ പങ്കുവെച്ചത്. മൗധ് ബ്രിയാന്റെ പ്രതിഷേധത്തെ പാരീസില്‍ മറ്റ് ഡോക്ടര്‍മാരും പിന്തുണച്ചിട്ടുണ്ട്.

നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് ആരോഗ്യമന്ത്രാലയത്തിന്റെ പിടിപ്പുകേടിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.ആശുപത്രികളില്‍ മതിയായ മാസ്‌കോ പിപിഇ കിറ്റുകളോ എത്തിക്കുന്നില്ലെന്നും ഭയചകിതരായാണ് ഓരോരുത്തരും രോഗികളെ പരിചരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം സുരക്ഷാ വസ്ത്രങ്ങളില്ലാത്തതിന്റെ പേരില്‍ ജര്‍മനിയിലെ ഡോക്ടര്‍മാരും നഗ്നരായി പ്രതിഷേധിച്ചിരുന്നു. പിപിഇ കിറ്റുകളോ മാസ്‌കോ ഇല്ലാതെ എത്രത്തോളം മോശമായ സാഹചര്യത്തിലാണ് തങ്ങള്‍ ജോലി ചെയ്യുന്നതെന്ന് അധികൃതരെ അറിയിക്കാന്‍ വേണ്ടിയാണ് വസ്ത്രം ഇല്ലാതെ പ്രതിഷേധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ ട്വിറ്ററില്‍ കുറിച്ചു.
 

Latest News