മുംബൈ- ബോളിവുഡിലെ മുതിർന്ന താരം ഋഷി കപൂർ അന്തരിച്ചു ശ്വാസ തടസത്തെ തുടർന്ന് മുംബൈയിലെ എച്ച്.എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഋഷി കപൂർ ഏതാനും നിമിഷം മുമ്പാണ് മരിച്ചത്. 67 വയസായിരുന്നു. ഋഷി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സഹോദരൻ രൺധീർ കപൂറാണ് അറിയിച്ചത്. ഋഷി കപൂറിന്റെ ഭാര്യ നീതു കപൂറും മകൻ രൺബീർ കപൂറും അന്ത്യനിമിഷത്തിൽ കൂടെയുണ്ടായിരുന്നു.
രണ്ടു വർഷം മുമ്പാണ് ഋഷി കപൂറിന് അർബുദ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലെ ചികിത്സക്ക് ശേഷം കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയിൽ മടങ്ങി എത്തിയത്. ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദ് ഇന്റേൺ എന്ന ഹോളിവുഡ് സിനിമയുടെ റീമേക്കിൽ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണെന്ന് നേരത്തെ അദ്ദേഹം അറിയിച്ചിരുന്നു.