ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധിയില്‍ വിദേശത്തു കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കരട് പദ്ധതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. തിരികെ എത്തിക്കേണ്ടവരുടെ പട്ടിക വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളായിരിക്കും തയാറാക്കുക. ഈ പട്ടിക തയാറാക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിക്കും.
കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണനാപട്ടിക അനുസരിച്ച് ഗള്‍ഫ് മേഖലയിലുള്ള പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെ ആയിരിക്കും ആദ്യം തിരിച്ചെത്തിക്കുക. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാവപ്പെട്ട തൊഴിലാളികളെ ആദ്യം കൊണ്ടുവരുന്നത്.
വിദ്യാര്‍ഥികള്‍ക്ക് പരിഗണന
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് രണ്ടാമത് പരിഗണന നല്‍കുന്നത്. നാല്‍പതിനായിരത്തോളം വിദ്യാര്‍ഥികള്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് മുമ്പ് ഓരോ വ്യക്തിയെയും പ്രത്യേക പരിശോധനക്ക് വിധേയമാക്കും. ഇതിനുശേഷം ഇവരെ ഇവിടെ എത്തിച്ച ശേഷം ക്വാറന്റൈന്‍ ചെയ്യണോ ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
വ്യോമ-നാവിക ഓപറേഷന്‍
ഗള്‍ഫ് മേഖലയല്‍ അടക്കം കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ എത്തിക്കാന്‍ വ്യോമസേനയും നാവിക സേനയും ചേര്‍ന്നു പ്രവര്‍ത്തിക്കും. ഗള്‍ഫ് മേഖലയില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ തിരികെ എത്തിക്കാന്‍ നാവിക സേനയുടെ വലിയ മൂന്നു കപ്പലുകള്‍ തയാറായിക്കഴിഞ്ഞതായാണു വിവരം. നാവിക സേനയുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ ഐ.എന്‍.എസ് ജലാശ്വയും ഈ ദൗത്യത്തിന്റെ ഭാഗമാകും. സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനവും ഐസൊലേഷന്‍ സംവിധാനങ്ങളും കപ്പലുകളില്‍ ഒരുക്കും.
യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലാണ് ഏറെയും ഇന്ത്യക്കാരുള്ളത്. ഘട്ടംഘട്ടമായി ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടിക്രമങ്ങളിലാണ് ഈ ആറു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍.
ഒരു കപ്പലില്‍ 500 പേര്‍ മാത്രം
നാവിക സേനയുടെ ഒരു കപ്പലില്‍ ഒരു സമയം 500 ആളുകളെ മാത്രമേ തിരികെ എത്തിക്കൂ. പലതവണ പോയിവരേണ്ടി വന്നാല്‍പോലും കര്‍ശന സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കും എന്നാണ് അധികൃതര്‍ പറഞ്ഞത്. ഇന്ത്യക്കാരുടെ മടങ്ങി വരവ് കോവിഡ് വ്യാപനത്തിനുള്ള മറ്റൊരു വേദിയാകില്ല. കരയില്‍ ഇറങ്ങുന്ന എല്ലാവരും തന്നെ കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തുമെന്നും നാവിക സേനയും ഉറപ്പു നല്‍കുന്നു.
കപ്പലിന്റെ മുകള്‍ത്തട്ടില്‍ പുരുഷന്‍മാരെയും തുറന്ന സ്ഥലങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്നവര്‍ക്കു താഴത്തെ നിലയിലും സൗകര്യമൊരുക്കും. ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും മരുന്നുകളും കപ്പലില്‍ കരുതലുണ്ടാകും. മുംബൈ, കൊച്ചി, വിശാഖപട്ടണം തുറമുഖങ്ങളില്‍ കപ്പലുകള്‍ തയാറായി കിടക്കുകയാണെന്നും നാവികസേന വൃത്തങ്ങള്‍ അറിയിച്ചു.
ദൗത്യത്തില്‍ ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങളും
വ്യോമസേനയുടെ ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങളും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളും ദൗത്യത്തില്‍ ചേരും. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗള്‍ഫ് മേഖലയില്‍നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുക എന്നതാണ് വ്യോമസേന വിമാനങ്ങളുടെ ലക്ഷ്യം.