Sorry, you need to enable JavaScript to visit this website.

ശസ്ത്രക്രിയ ആവശ്യമായ രോഗിയെ തിരിച്ചയച്ചു;  മെഡി.കോളേജ് ആശുപത്രിക്കെതിരെ പരാതി

നെടുമ്പാശ്ശേരി- അടിയന്തര നേത്ര ശസ്ത്രക്രിയക്കായി എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിലേക്കയച്ച രോഗിയെ നിസ്സാര കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചതായി പരാതി. അൻവർ സാദത്ത് എം.എൽ.എയുടെ ശ്രമഫലമായി അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ ശസ്ത്രക്രിയ ശനിയാഴ്ച നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും കോവിഡിന്റെ പേരിൽ പാവപ്പെട്ട ജനങ്ങൾക്ക് ചികിത്സ നിഷേധിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും എം.എൽ.എ പറഞ്ഞു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നും അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.


ലോക്ഡൗൺ മൂലം വീട്ടിൽ കഴിയുന്നതിനിടെ ഭാര്യയെ സഹായിക്കാൻ വിറകു വെട്ടുന്നതിനിടെയാണ് വെൽഡറായ ചെങ്ങമനാട് പുതുവാശേരി എളമനപ്പള്ളം വസന്തരാജന്റെ (60) വലതു കണ്ണിൽ ചീള് തറച്ച് ഞരമ്പിന് ആഴത്തിൽ മുറിവേറ്റത്. ചോര വാർന്നൊഴുകി വേദന കൊണ്ടു പുളഞ്ഞ വസന്തരാജനെ ഉടൻ വിവിധ സ്വകാര്യ ആശുപത്രികളിലത്തെിച്ചു. വിദഗ്ധ പരിശോധനയിൽ അടിയന്തിര ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഇതിനായി ഒരു ലക്ഷത്തിലധികം വരുന്ന തുക കണ്ടത്തൊനാകാതെ വലഞ്ഞ വസന്തരാജനെ ബന്ധുക്കൾ എറണാകുളം ജനറൽ ആശുപത്രിയിലത്തെിച്ചു. ആഴമേറിയ മുറിവായതിനാൽ  അവിടെ ശസ്ത്രക്രിയ നടന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാനാണ്  ഡോക്ടർമാർ നിർദേശിച്ചത്. തിരുവനന്തപുരത്തേക്കു പോകാൻ വാഹനവും യാത്ര ചെലവിനുള്ള തുകയും മറ്റനുബന്ധ സൗകര്യങ്ങളും എം.എൽ.എയാണ് ഏർപ്പെടുത്തിക്കൊടുത്തത്. എന്നാൽ മെഡിക്കൽ കോളജിൽ നിന്ന് തികഞ്ഞ അവഗണനയാണുണ്ടായതെന്ന് വസന്തരാജന്റെ ബന്ധുക്കൾ പറയുന്നു.


കോവിഡ്-19 പരിശോധന നടത്തിയിട്ടുണ്ടോയെന്നും ശസ്ത്രക്രിയയ്ക്ക് ഒരു ശതമാനം പോലും വിജയ സാധ്യതയില്ലെന്നും ഇപ്പോൾ അസൗകര്യമാണെന്നുമാണത്രെ മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞത്. സംഭവമറിഞ്ഞതോടെ അൻവർ സാദത്ത് എം.എൽ.എ അങ്കമാലി എൽ.എഫ് ആശുപത്രിയുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കുകയായിരുന്നു. ഒരു ലക്ഷത്തിലധികം ചെലവ് വരുന്ന ശസ്ത്രക്രിയ കുറഞ്ഞ നിരക്കിൽ ചെയ്ത് നൽകാമെന്ന് ആശുപത്രി ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ എം.എൽ.എയെ അറിയിച്ചു. എന്നാൽ തുക കണ്ടെത്താൻ വസന്തരാജന്റെ കുടുംബത്തിന് സാധിക്കില്ലെന്ന് വന്നതോടെ എം.എൽ.എ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടതോടെ ചികിത്സാ ചെലവ് വഹിക്കാൻ അവർ തയാറായി. ഇതോടെയാണ്  വസന്തരാജന്റെ ശസ്ത്രക്രിയക്കുള്ള വഴി തെളിഞ്ഞിരിക്കുന്നത്.

 

Latest News