Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് മുക്തനായി  പ്രവാസി വീട്ടിലേക്ക് മടങ്ങി 

മലപ്പുറം- കോവിഡ് മുക്തനായി മലപ്പുറത്ത് ഒരാൾ കൂടി ആശുപത്രിയിൽ നിന്നു മടങ്ങി. ഒഴൂർ കുറുവട്ടിശ്ശേരി സ്വദേശി ജാഫർ (30) ആണ് പുതുജീവിതത്തിലേക്ക് മടങ്ങിയത്. 20 ദിവസത്തെ വിദഗ്ധ ചികിത്സയ്ക്കും തുടർ നിരീക്ഷണങ്ങൾക്കും ശേഷമാണ് വീട്ടിലേക്കുള്ള മടക്കം. ജില്ലയിൽ ആദ്യഘട്ടത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം രോഗം ഭേദമായി മടങ്ങുന്ന 18-ാമത്തെയാളാണ് ജാഫർ. ദുബായിൽ നിന്നു മാർച്ച് 19 ന് രാത്രി 8.30 നാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കുറുവട്ടിശേരിയിലെ വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞു.


രോഗ ലക്ഷണങ്ങൾ കണ്ടതോടെ തിരൂർ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിലെത്തി സാമ്പിളെടുത്ത് പരിശോധനക്കയച്ചു. രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ഏപ്രിൽ ഒമ്പതിന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 19 ദിവസം നീണ്ട വിദഗ്ധ ചികിത്സയ്ക്കും നിരന്തരമുളള സാമ്പിൾ പരിശോധനകൾക്കും ശേഷം ഏപ്രിൽ 27 ന് ഇയാൾ രോഗവിമുക്തനായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മഞ്ചേരി  മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ രണ്ടു ദിവസത്തെ തുടർ നിരീക്ഷണത്തിനു ശേഷം പൂർണ ആരോഗ്യവാനായാണ് ജാഫർ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ വീട്ടിലേയ്ക്ക് മടങ്ങിയത്. വീട്ടിലെത്തിയ ശേഷവും പ്രത്യേക നിരീക്ഷണം തുടരാൻ നിർദേശിച്ചിട്ടുണ്ട്.


അതിനിടെ, കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയിൽ ഹോട്ട് സ്പോട്ട് പ്രദേശങ്ങളിൽ നിയന്ത്രണങ്ങളിൽ യാതൊരു ഇളവുകളുമില്ലെന്നു ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. ഒരു നഗരസഭാ വാർഡും ഏഴ് ഗ്രാമപഞ്ചായത്തുകളുമാണ് നിലവിൽ ഹോട്ട് സ്പോട്ടുകളായുള്ളത്. മഞ്ചേരി നഗരസഭയിലെ വാർഡ് 17, കാലടി, തലക്കാട്, വേങ്ങര, കണ്ണമംഗലം, ഒഴൂർ, എ.ആർ. നഗർ, ചുങ്കത്തറ ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ് ഹോട്ട് സ്പോട്ട് പട്ടികയിലുൾപ്പെട്ട പ്രദേശങ്ങൾ. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലയിൽ പ്രഖ്യാപിച്ച ഇളവുകളൊന്നും ഹോട്ട് സ്പോട്ട് പ്രദേശങ്ങളിൽ ബാധകമല്ലെന്നും കലക്ടർ വ്യക്തമാക്കി.


ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പുറമെ നിർമാണ പ്രവൃത്തികൾക്കാവശ്യമായ കമ്പി വിൽപന കേന്ദ്രങ്ങൾക്കു കൂടി പ്രവർത്തനാനുമതി നൽകി. സിമന്റ് കടകൾ പ്രവർത്തിക്കുന്ന ബുധൻ, വ്യാഴം ദിവസങ്ങളിൽ കമ്പി വിൽപന കേന്ദ്രങ്ങൾക്കും ഉപാധികളോടെ പ്രവർത്തിക്കാം. രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് പ്രവർത്തന സമയം. സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും കർശനമായി പാലിക്കണം. ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.


 

Latest News