മഞ്ചേരി - കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യമാകെ ലോക്ഡൗണിൽ കഴിയുമ്പോൾ ശ്രോതാക്കൾക്കൊപ്പം കരുതലായി മഞ്ചേരി ആകാശവാണി. ഇതിനോടകം തന്നെ ജനപ്രീതി നേടിയ ഫോൺ ഇൻ പരിപാടിയാണ് 'ഹലോ ആകാശവാണി വീട്ടുവിശേഷം'. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 11 മുതൽ 12 മണി വരെയാണ് പരിപാടി. ഇതിലൂടെ നാട്ടിൽ നിന്നും വിദേശത്തു നിന്നുമുള്ള ശ്രോതാക്കൾ തങ്ങളുടെ ലോക്ഡൗൺ കാലത്തെ അവസ്ഥകൾ പങ്കു വെക്കുകയാണ്.
കേൾവിക്കാരിൽ ആശ്വാസം പകരാനുതകുന്ന രീതിയിലാണ് ഈ പരിപാടിയുടെ ആസൂത്രണം. കൂടാതെ സർക്കാരിന്റെ വിവിധ മേഖലകളിൽ നിന്നുള്ള മുന്നറിയിപ്പുകളും, ആനുകൂല്യങ്ങൾ സംബന്ധിച്ചും പരിപാടികൾക്കിടയിൽ അറിയിച്ചു കൊണ്ടിരിക്കുന്നുണ്ട്. ആരോഗ്യ ജാലകം, ആയുരാരോഗ്യം എന്നീ പരിപാടികളിലൂടെ കോവിഡ് മുൻകരുതലുകളെകുറിച്ചും അസുഖം ബാധിച്ചവർക്ക് ആശ്വാസം പകരുവാനുമായി ഡോക്ടർമാർ മുതലുള്ള ആരോഗ്യ പ്രവർത്തകർ ശ്രോതാക്കൾക്കായി അറിവുകൾ പങ്കിടുന്നുമുണ്ട്. ലോക്ഡൗൺ കാലത്തെ ജനങ്ങളുടെ ജാഗ്രത ഉറപ്പു വരുത്തുന്നതിനായി നർമത്തിലൂടെയുള്ള 'പ്രമോ'യും ഇടവിട്ട് റേഡിയോയിലൂടെ കേൾപ്പിക്കുന്നു. ശ്രോതാക്കൾക്കായി കലാ, സാഹിത്യ, സാമൂഹിക പ്രവർത്തകരും, ഉന്നത ഉദ്യോഗസ്ഥരും ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഓരോ പൗരൻമാരും സ്വീകരിക്കേണ്ട മുൻകരുതലിനെക്കുറിച്ചും മറ്റും അഭിപ്രായങ്ങളും അനുഭവങ്ങളും ചർച്ച ചെയ്യുന്നു.
ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് വ്യത്യസ്ത ദിവസങ്ങളിലായി ഹലോ യൂത്ത് ക്വിസ്, ഹലോ യൂത്ത് തത്സമയ കൗൺസലിംഗ്, യുവവാണി തുടങ്ങിയ പരിപാടികളെല്ലാം കൊറോണയുമായി ബന്ധപ്പെട്ടുകൊണ്ട് തയാറാക്കാൻ നിലയം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സമയ ക്രമീകരണങ്ങളുടെ ഭാഗമായി ഉച്ചക്കുശേഷം വിവിധ നിലയങ്ങളിൽ നിന്നുമുള്ള റിലേ പരിപാടികളാണെങ്കിലും, രാവിലെ മുതൽ വിനോദ പരിപാടികൾക്ക് ഭംഗം വരുത്താതെയാണ് ഇത്രയും വിജ്ഞാനപ്രദമായ പരിപാടികൾ ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ രണ്ടു പ്രകൃതിക്ഷോഭ കാലത്തുമെന്ന പോലെ ശ്രോതാക്കൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് കൂടെ നിൽക്കുകയാണ് മഞ്ചേരി ആകാശവാണി.