വാഷിംഗ്ടണ്‍- ഈ വര്‍ഷത്തെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കോവിഡിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരത്തെ അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ട്രംപിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് പുറത്ത് വരുന്ന വിവരം. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അദ്ദേഹത്തിന് അറിയിപ്പ് ലഭിച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, റിപ്പോര്‍ട്ടുകള്‍ യഥാസമയം പരിശോധിക്കാന്‍ പ്രസിഡന്റ് തയ്യാറായില്ലെന്നാണ് തെളിവുകള്‍ അടക്കം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം കോവിഡ് കാലത്ത് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ ചൈനക്കെതിരെ നടത്തുന്നത് വെറും നുണ പ്രചരണങ്ങളാണെന്ന് ആരോപിച്ച് ചൈന രംഗത്ത് എത്തി. കോവിഡ് പ്രതിരോധത്തില്‍ തങ്ങള്‍ക്കുണ്ടായ പാളിച്ചകളില്‍നിന്ന് പൊതുസമൂഹത്തിന്റെ ശ്രദ്ധയെ മാറ്റിവിടുക മാത്രമാണ് ട്രംപിന്റെയും കൂട്ടരുടെയും ലക്ഷ്യമെന്നും ചൈന പറഞ്ഞു.കോവിഡ് ദുരന്തത്തിന്റെ പേരില്‍ ചൈനയോട് നഷ്ടപരിഹാരം തേടുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ചൈനയുടെ ഈ പ്രതികരണം. അമേരിക്കന്‍ നേതാക്കള്‍ക്ക് ഒരു ലക്ഷ്യമേയുള്ളൂവെന്നും പകര്‍ച്ചവ്യാധി പ്രതിരോധത്തിലും നിയന്ത്രണത്തിലും അവര്‍ക്ക് സംഭവിച്ച പിഴവുകള്‍ മറയ്ക്കാനുള്ള ശ്രമങ്ങളിലാണ് അവര്‍ നുണകള്‍ വിളിച്ചുപറയുന്നതെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു. കോവിഡ് വൈറസ് ചൈന ലാബില്‍ നിര്‍മിച്ചതാണെന്ന ആരോപണം മുതല്‍ കോവിഡ് ദുരന്തത്തിന് ചൈന നഷ്ടപരിഹാരം നല്‍കണമെന്ന വാദം വരെ അമേരിക്ക ഉന്നയിച്ചിരുന്നു.
അമേരിക്കയില്‍ നിലവില്‍ 1,035,765 പേര്‍ക്കാണ് രോഗബാധ ഉള്ളത്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 59,266 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. 142,238 മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്.