ലണ്ടന്‍-ബ്രിട്ടനില്‍ കൊറോണ ഭീതി വിതയ്ക്കുമ്പോള്‍ കുട്ടികളില്‍ കവാസാക്കി രോഗത്തിന് സമാന ലക്ഷണങ്ങളോടെ അജ്ഞാതരോഗം പടരുന്നു. പ്രതിരോധ സംവിധാനത്തെ താറുമാറാക്കുന്ന കാവസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങളാണ് പുതിയ രോഗം ബാധിച്ച കുട്ടികളിലുണ്ടാകുന്നതെന്ന് വിവിധ ഇടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഈ അജ്ഞാതരോഗത്തെ കൊറോണയുമായി ബന്ധപ്പെടുത്തി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ആഴ്ച മുതല്‍ 13 വയസുകാരനായ അബെര്‍ഡീനിലെ ലെവിസ് ഗ്രെയ്ഗ് എന്ന കുട്ടി വെന്റിലേറ്ററിലാണ് കഴിയുന്നത്. കണ്ണുകളില്‍ കടുത്ത ചുവപ്പും ശരീരമാസകലം മീസില്‍സ് പോലുള്ള തടിപ്പുകളുമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഈ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കൊറോണക്ക് സാധാരണയുണ്ടാകുന്ന ലക്ഷണങ്ങളൊന്നും പ്രകടമാക്കാതിരുന്നിട്ട് കൂടി കുട്ടിയെ ഗ്ലാസ്‌കോയിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രണിലെ ഇന്റന്‍സീവ് കെയര്‍ വാര്‍ഡിലാണ് കിടത്തിയിരിക്കുന്നത്. ഇത്തരം രോഗം ബാധിച്ച 20 കുട്ടികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവര്‍ക്കെല്ലാം കൊറോണയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു നേരത്തെ ചികിത്സയേകിയിരുന്നതെന്ന ആരോപണം ശക്തമായിരിക്കെയാണ് ഈ അജ്ഞാതരോഗത്തെ കൊറോണയുമായി ബന്ധപ്പെടുത്തി ആരോഗ്യ വിഭാഗം മുന്നറിയിപ്പേകി ഇ-മയില്‍ അയച്ചിരിക്കുന്നത്.
വയറുവേദന, ഛര്‍ദി, വയറിളക്കം എന്നിവയും കുട്ടികളില്‍ ധാരാളമായി കണ്ടുവരുന്നു. കുട്ടികളില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ രോഗം യുകെയില്‍ ആശങ്ക സൃഷ്ടിക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.