ന്യൂദൽഹി- കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ നിർബന്ധമാക്കി. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പടെ മൊബൈൽ ഫോണുകളിൽ കോവിഡ് മുന്നറിയിപ്പ് ഉൾപ്പടെയുള്ള വിവരങ്ങൾ നൽകുന്ന ആരോഗ്യ സേതു ആപ്പ് നിർബന്ധമായും ഡൗൺ ലോഡ് ചെയ്യണമെന്നാണ് കേന്ദ്ര പഴ്‌സണൽ കാര്യ വകുപ്പിന്റെ നിർദേശം. ജീവനക്കാർ ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുൻപായി ആപ് പരിശോധിച്ചു തങ്ങളുടെ ആരോഗ്യ സ്ഥിതി സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം. കോവിഡ് ബാധിക്കാനുള്ള സമ്പർക്ക സാധ്യതകൾ ഉൾപ്പടെ പരിശോധിക്കുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ആപ്പ് പരിശോധിക്കുമ്പോൾ ജീവനക്കാർ സുരക്ഷിതരല്ലെന്ന വിവരമാണ് ലഭിക്കുന്നതെങ്കിൽ ജോലിക്ക് പോകാതെ വീട്ടിൽ തന്നെ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. ഏതെങ്കിലും കോവിഡ് ബാധിതനുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ ആ വിവരം ഉൾപ്പടെ ആപ്പിൽ വ്യക്തമാക്കും. നീതി ആയോഗിന്റെ ആസ്ഥാനമായ നീതി ഭവനിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ ഓഫീസിൽ ജോലി ചെയ്യുന്ന ജീവനക്കാരനും കഴിഞ്ഞ പല ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. നീതി ആയോഗ് ഓഫീസ് ചൊവ്വാഴ്ച മുതൽ അടച്ചിട്ടിരിക്കുകയാണ്. ഈ ഓഫീസുകളിൽ കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാ ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ കഴിയുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ആരോഗ്യ സേതു ആപ് നിർബന്ധമായും ഉപയോഗിക്കണമെന്ന് നിർദേശം ഇറങ്ങിയത്.