Sorry, you need to enable JavaScript to visit this website.

സിനിമയെ വെല്ലുന്ന ജീവിതം, ഇർഫാൻ ഇനി ഓർമ്മ

മുംബൈ- ഒരൊറ്റ രംഗം മതി, ഒരായുസിന്റെ ഓർമ്മയ്ക്ക് എന്ന വാചകത്തെ അന്വർത്ഥമാക്കിയാണ് അവസാനം വരെ പൊരുതി ജീവിതത്തിൽനിന്ന് ഇർഫാൻ ഖാൻ എന്ന അതുല്യനടൻ പിൻവാങ്ങുന്നത്. മൂന്നു പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിൽ അൻപതോളം സിനിമകൾ മാത്രം. പ്രതിഭയുടെ അനന്തസാധ്യതകളുടെ സമ്പന്നതയാൽ കൂടുതൽ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടും അധികം സിനിമകളുടെ ചരിത്രത്തിലൊന്നും ഇർഫാന്റെ പേര് കാണില്ല. അതേസമയം, കൂടെ വന്ന ഒരു കഥാപാത്രത്തിലും എന്തെങ്കിലും തരത്തിലുള്ള മുദ്ര പതിപ്പിക്കാതെ  ഇർഫാൻ ഖാൻ മടക്കി അയച്ചിട്ടുമില്ല. ബ്രിട്ടീഷ് സിനിമകളിലും ഹോളിവുഡിലും ഇർഫാൻ ഖാൻ മടിയേതുമില്ലാതെ കയറിച്ചെന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് നാണം കുണുങ്ങിയായിരുന്ന ഒരു പയ്യൻ 53-ാമത്തെ വയസിൽ ജീവിതത്തിൽനിന്ന് മടങ്ങുന്നത് തലയെടുപ്പോടെ തന്നെയാണ്. ഇന്ത്യൻ സിനിമ ഇക്കാലം വരെ ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് ഇർഫാൻ ഖാൻ അഭിനയവും ജീവിതവും അവസാനിപ്പിച്ച് മടങ്ങുന്നത്. 
1967 ജനുവരി ഏഴിന് രാജസ്ഥാനിലെ ജയ്പുരിലാണ് ഷഹാബ്‌സാദേ ഇർഫാൻ അലി ഖാൻ എന്ന ഇർഫാൻ ഖാൻ ജനിച്ചത്. മുസ്്‌ലിം പഷ്തൂൺ കുടുംബമായിരുന്നു ഇവരുടേത്. അച്ഛൻ ജാഗിരാദാർ ഖാൻ ടയർ കച്ചവടക്കാരനായിരുന്നു. അമ്മ ബീഗം ഖാൻ വീട്ടമ്മയും. സാധാരണ കുടുംബത്തിന്റെ ദാരിദ്ര്യവും ഇല്ലായ്മയും ഇർഫാന്റെ കുടുംബത്തിനുമുണ്ടായിരുന്നു. മികച്ച ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇർഫാൻ ഖാൻ 23 വയസിന് താഴെയുള്ളവരുടെ സി.കെ നായ്ഡു ടീമിൽ ഇടംനേടി. സാമ്പത്തിക പിൻബലം കുറവായതിനാൽ ക്രിക്കറ്റിൽ അധികം പിടിച്ചുനിൽക്കാനായില്ല. 1984-ൽ പോസ്റ്റ് ഗ്രാജ്വേഷൻ പൂർത്തിയാക്കിയ ഇർഫാൻ ഖാൻ പിന്നീട് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ സ്‌കോളർഷിപ്പോടെ പഠനം തുടർന്നു. പിന്നീട് മുബൈയിൽ എത്തിയ ഖാൻ എയർ കണ്ടീഷൻ നന്നാക്കുന്ന തൊഴിലെടുത്താണ് ജീവിതം തുടങ്ങിയത്. പ്രമുഖ താരം രാജേഷ് ഖന്നയുടെ വീട്ടിൽ എ.സി നന്നാക്കാൻ എത്തിയതോടെ ഇർഫാൻ ഖാന്റെ ജീവിതം മാറിമറിഞ്ഞു.
ചാണക്യ, ഭാരത് ഏക് കോജ്, സാരെ ജഹാൻ ഹമാരെ, ബനേഗാ അപ്‌നി ബാത്ത്, ചന്ദ്രകാന്ത, ശ്രീകാന്ത് തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചു. സറ്റാർ പ്ലസ് സംപ്രേഷണം ചെയ്ത ദാറിൽ പ്രധാന വില്ലനായതോടെ ലോകം ശ്രദ്ധിച്ചു. മാർക്‌സിസ്റ്റ് രാഷ്ട്രീയ ആക്ടിവിസ്റ്റും ഉർദു വിപ്ലവ കവിയുമായ മഖ്ദൂം മുഹയുദ്ദീനായും വേഷമിട്ടു. 
90-കളിൽ അഭിനയിച്ച ഏക് ഡോക്ടർ കി മൗത്ത് എന്ന സിനിമയിലൂടെയാണ് ഇർഫാൻ ഖാന്റെ യാത്ര തുടങ്ങുന്നത്. ലണ്ടനിൽനിന്ന് പുറത്തിറങ്ങിയ വാരിയർ എന്ന സിനിമ ലോക ശ്രദ്ധയാകർഷിച്ചു. പതിനൊന്ന് ആഴ്ചകൊണ്ടാണ് ഈ സിനിമ പൂർത്തിയായത്. 
2005-ൽ അഭിനയിച്ച രോഗ് എന്ന സിനിമ നിരൂപകരുടെ വൻ പ്രശംസക്ക് പാത്രമായി. ഇർഫാന്റെ വാക്കുകളേക്കാൾ കണ്ണുകളാണ് ഓരോ ഫ്രെയിമിലും സംസാരിക്കുന്നത് എന്നായിരുന്നു ഒരു നിരൂപകൻ എഴുതിയത്. ബോളിവുഡിൽ അഭിനയിക്കുന്ന സമയത്തും നിരവധി സീരിയലുകളിലും അഭിനയിച്ചുകൊണ്ടിരുന്നു. 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയറിലൂടെയാണ് ഇർഫാന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. പോലീസ് സബ് ഇൻസ്‌പെക്ടറുടെ വേഷമായിരുന്നു ഇതിൽ. 
സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് കാൻസർ താരത്തെ കീഴടക്കാനെത്തിയത്. ലണ്ടനിൽ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ഇർഫാൻ വീണ്ടും സിനിമയിൽ സജീവമായി. എങ്കിലും കാൻസർ ഒഴിഞ്ഞുപോകാൻ തയ്യാറായിരുന്നില്ല. വൻകുടലിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞയാഴ്ചയായിരുന്നു അമ്മയും ഈ ലോകത്തോട് വിട പറഞ്ഞത്. ഇന്ത്യൻ സിനിമക്ക് എക്കാലത്തും മറക്കാനാകാത്ത ഒട്ടേറെ കഥപാത്രങ്ങൾക്ക് ജീവൻ നൽകിയാണ് ഇർഫാന്റെ മടക്കം. 2011-ൽ പത്മശ്രീയും 2012-ൽ ദേശീയ പുരസ്‌കാരവും ഇർഫാന് ലഭിച്ചു. മുംബൈയിലെ വെർസോവ ഖബറിസ്ഥാനിലാണ് ഇർഫാന് അന്ത്യവിശ്രമം ഒരുക്കിയത്. ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെ അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിലായിരുന്നു ഖബറടക്കം നടത്തിയത്. എല്ലാ ഫ്രെയിമുകളിലും നിറഞ്ഞുനിന്നിട്ടും ഇനിയും പൂർത്തിയാകാത്ത ഒരു സിനിമയെ ഓർമ്മിപ്പിച്ചാണ് ഇർഫാൻ ഖാൻ മടങ്ങുന്നത്.
 

Latest News