ജനീവ- ലോക്ക്ഡൗണ്‍ കാലത്ത് ലോകത്താകമാനം 70 ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളായേക്കുമെന്ന് യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ പഠന റിപ്പോര്‍ട്ട്. കുടുംബാസൂത്രണത്തിലുള്ള പിഴവ്, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതക്കുറവ്, ലിംഗാധിഷ്ടിത ആക്രമണങ്ങള്‍ എന്നിവ കാരണമാണ് ഇത്രയും സ്ത്രീകള്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ മാത്രം ഗര്‍ഭധാരണം നടത്തേണ്ടിവരുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വികസ്വര രാജ്യങ്ങളിള്‍ 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭ്യമല്ലെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
"ഈ പുതിയ ഡാറ്റ കാണിക്കുന്നത് കോവിഡ് -19 ലോകത്ത് സ്ത്രീകൾക്ക് ഉണ്ടാക്കിയേക്കാവുന്നത് വിനാശകരമായ പ്രത്യാഘാതമാണ്. പകർച്ചവ്യാധി അസമത്വം വർദ്ധിപ്പിക്കുകയാണ്. ദശലക്ഷക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും ഇപ്പോൾ കുടുംബാസൂത്രണം നടത്താനോ അവരുടെ ശരീരവും ആരോഗ്യവും സംരക്ഷിക്കാനോ കഴിയാതെ ബുദ്ധിമുട്ടുന്നു." യുഎൻഎഫ്‌പിഎ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നതാലിയ കനേം പറഞ്ഞു.
വികസ്വര, അവികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെ 114 രാജ്യങ്ങളിലെ 45 കോടി സ്ത്രീകള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ലോക്ക്ഡൗണിന് സമാനമായി ആറ്മാസമായി നീളുന്ന അന്തരീക്ഷം 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ അപ്രാപ്യമാക്കും. ഇത് 70 ലക്ഷം അധിക ഗര്‍ഭധാരണത്തിന് കാരണമാകുന്നു. ഈ ആറ് മാസക്കാലയളവില്‍ 3.1 കോടി ലിംഗാധിഷ്ടിത ആക്രമങ്ങള്‍ക്കും വഴിവെച്ചേക്കുമെന്നും പഠനം പറയുന്നു. യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ പലപദ്ധതികളും ലോക്ക്ഡൗണ്‍ കാരണം വൈകുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കാമ്പയിനിന്റെ അഭാവം കാരണം അടുത്ത പത്തുവര്‍ഷത്തിനിടെ ബാല വിവാഹങ്ങളുടെ എണ്ണത്തില്‍ 1.3 കോടിയുടെ വര്‍ധനവുണ്ടാകുമെന്നാണ് പഠനം പ്രവചിക്കുന്നത്.