Sorry, you need to enable JavaScript to visit this website.

ചോക്‌സി അടക്കമുള്ളവരുടെ വായ്പ എഴുതിത്തള്ളല്‍; രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍


ന്യൂദല്‍ഹി- മൊഹുല്‍ ചോക്‌സി അടക്കമുള്ള വായ്പാതട്ടിപ്പുകാരുടേത് അടക്കം അമ്പത് പേരുടെ വായ്പകള്‍ എഴുതിത്തള്ളിയെന്ന ആര്‍ബിഐ റിപ്പോര്‍ട്ടിന് പിന്നാലെ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രധനകാര്യ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍. വായ്പാതട്ടിപ്പുകേസിലെ പ്രതികളുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളിയതിനെ രാഹുല്‍ഗാന്ധി വിമര്‍ശിച്ചതിനെതിരെ ട്വിറ്ററിലൂടെയാണ് ധനമന്ത്രി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്‍മോഹന്‍സിങ്ങിനോട് ആലോചിച്ചിട്ടാണോ ഇക്കാര്യത്തില്‍ അദ്ദേഹം ഓരോന്ന് എഴുതിവിടുന്നതെന്ന് നിര്‍മല സീതാരാമന്‍ ചോദിക്കുന്നു.രാഹുലും കോണ്‍ഗ്രസ് വക്താവും നാണംകെട്ട രീതിയിലാണ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്.കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കാന്‍  ശ്രമിച്ചിരുന്നോ എന്നും മന്ത്രി ആരാഞ്ഞു. നിലവില്‍ സര്‍ക്കാര്‍ നടത്തുന്ന ശുദ്ധീകരണ നടപടികള്‍ തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്.

2006 മുതല്‍ 2008 വരെയാണ് വലിയ തുകകള്‍ വായ്പകള്‍ അനുവദിച്ചിരിക്കുന്നതെന്ന് ആര്‍ബിഐ അറിയിച്ചത് ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. 2009-10,2013-14 നും ഇടയില്‍ ഷെഡ്യൂള്‍ ചെയ്ത വാണിജ്യ ബാങ്കുകള്‍ 1,45,226 കോടിരൂപയാണ് എഴുതിത്തള്ളിയതെന്ന് നിര്‍മല പറഞ്ഞു. ആര്‍ബിഐ നിശ്ചയിച്ചിട്ടുള്ള നാല് വര്‍ഷത്തെ പ്രൊവിഷനിങ് സൈക്കിള്‍ പ്രകാരം നിഷ്‌ക്രിയ ആസ്തികള്‍ക്കായി വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പൂര്‍ണ പ്രൊവിഷനിങ് പൂര്‍ത്തിയായ ശേഷം ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തികള്‍ എഴുതിത്തള്ളുന്നു. പക്ഷേ കടം വാങ്ങിയവരില്‍ നിന്ന് വായ്പകള്‍ വീണ്ടെടുക്കല്‍ തുടരുകയാണ്.വായ്പകള്‍ എഴുതിത്തള്ളുകയല്ലെന്നും നിര്‍മല പറഞ്ഞു.

രാജ്യത്തെ ബാങ്കുകള്‍ മൊഹുല്‍ ചോക്‌സി അടക്കമുള്ള അമ്പത് പേരുടെ വായ്പകള്‍ എഴുതിത്തള്ളിയതായി ഇന്നലെയാണ് ആര്‍ബിഐ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കിയത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ഗാന്ധി നടത്തിയത്. ''താന്‍ പാര്‍ലമെന്റില്‍ ഒരു ലളിതമായ ചോദ്യമായിരുന്നു ചോദിച്ചത്. ഏറ്റവും വലിയ അമ്പത് വായ്പാതട്ടിപ്പുകാരുടെ പേരുകളായിരുന്നു ചോദിച്ചത്. എന്നാല്‍ ധനകാര്യമന്ത്രി മറുപടി തന്നില്ല. എന്നാല്‍ ഇപ്പോള്‍ ആര്‍ബിഐ അതിന് മറുപടി തന്നു. നീരവ് മോഡി,മെഹുല്‍ചോക്‌സി അടക്കം മറ്റ് ബിജെപി സുഹൃത്തുക്കളുടെ പേരുകളാണത്.അതിനാലാണ് ഇക്കാര്യം സര്‍ക്കാര്‍ മറച്ചുവെച്ചതെന്നും ''രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.


 

Latest News