ഭോപ്പാൽ- കോവിഡ് രോഗം ഭേദമാകാൻ യോഗയും മന്ത്രങ്ങളും സംഗീതവും ഭജനയും ഉപയോഗിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മതനേതാക്കളോട് വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഒട്ടേറെ അസുഖങ്ങൾ സ്‌നേഹം കൊണ്ട് മാറിയിട്ടുണ്ട്. കോവിഡ് പോലൊരു രോഗം വരുമ്പോൾ സ്വന്തം അമ്മയ്ക്ക് മകനെ പോലും തൊടാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ സാധാരണ ചികിത്സാ രീതികൾക്കൊപ്പം ഇന്ത്യയിലുള്ള മറ്റ് പാരമ്പര്യ ചികിത്സ രീതികളും അനുവർത്തിക്കാമെന്നും ശിവരാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ 50 ഗ്രാം വരുന്ന ഒരു കോടി ആയുർവേദ മരുന്നുകളുടെ കിറ്റ് വിതരണം ചെയ്യുമെന്ന ബി.ജെ.പി സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം. മധ്യപ്രദേശിൽ ദുരിതബാധിതർക്ക് വിതരണം ചെയ്യുന്ന കിറ്റുകളിൽ ശിവരാജ് സിംഗ് ചൗഹാന്റെ ചിത്രം പതിച്ചിട്ടുണ്ട്. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തി.