ബുലന്ദ്ഷഹർ- ഉത്തർപ്രദേശിൽ അമ്പലത്തിനുള്ളിൽ രണ്ട് സന്യാസിമാരെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഫോൺ ചെയ്തു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ രണ്ടു സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉദ്ധവ് താക്കറെയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോൺ ചെയ്തിരുന്നു. യു.പി സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും ഇത്തരം സംഭവങ്ങൾക്കെതിരെ താനും തന്റെ സർക്കാറുമുണ്ടാകുമെന്നും താക്കറെ വാഗ്ദാനം ചെയ്തു. 55ഉം 35 വയസ്സുള്ള സന്യാസിമാരെയാണ് രാജു(മുറാരി) എന്നയാൾ അമ്പലത്തിൽ കയറി കൊലപ്പെടുത്തിയത്. കൊലനടത്തുമ്പോൾ ഇയാൾ കഞ്ചാവ് ഉപയോഗിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. നേരത്തെ സന്യാസിമാർ ഇയാൾക്കെതിരെ മോഷണക്കുറ്റം ആരോപിച്ചിരുന്നു. ബുലന്ദ്ഷഹറിലെ അമ്പലത്തിൽ സ്ഥിരമായി താമസിച്ചുവരുന്ന സന്യാസിമാർക്ക് നേരെയാണ് ഇയാൾ അക്രമം അഴിച്ചുവിട്ടത്. സന്യാസിമാരുടെ കൊലപാതകം ദൈവ നിശ്ചയമാണ് എന്നാണ് പോലീസിനോട് പറഞ്ഞത്. വാളുപയോഗിച്ചാണ് പ്രതി സന്യാസിമാരെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ താൻ വടിയാണ് ഉപയോഗിച്ചത് എന്നാണ് പ്രതി പറയുന്നത്. വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമം ഉണ്ടാകരുതെന്നും കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. മഹാരാഷ്ട്രയിൽ സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ബി.ജെ.പി നേതൃത്വം രാഷ്ട്രീയ നേട്ടത്തിനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ പിടിയിലായ പ്രതികളിൽ ഒരാൾ പോലും മുസ്‌ലിം സമുദായത്തിൽ പെട്ടവരില്ലെന്ന് ചൂണ്ടിക്കാട്ടി ഈ നീക്കത്തെ മഹാരാഷ്ട്ര സർക്കാർ നേരിട്ടു. യു.പിയിൽ സന്ന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ശിവസേന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.