ഭോപാൽ- കാർഷിക ലോൺ എഴുതി തള്ളിയെന്ന് പ്രഖ്യാപിച്ച് കർഷകർക്ക് ഇതിന്റെ രേഖ നൽകിയ ശേഷം വായ്പ എഴുതിതള്ളിയിട്ടില്ലെങ്കിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുമെതിരെ കേസ് നൽകണമെന്ന് ബി.ജെ.പി. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാറിനെ മറിച്ചിട്ട് അധികാരം പിടിച്ചടക്കിയ ബി.ജെ.പി സർക്കാരിലെ കാർഷിക മന്ത്രി കമൽപട്ടേലാണ് ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശിൽ അധികാരമേറ്റ് രണ്ടു മണിക്കൂറിനകം ആദ്യം ഒപ്പുവെച്ച ഉത്തരവിൽ 48 ലക്ഷം കർഷകരുടെ 54,000 കോടി രൂപയുടെ കടം എഴുതിതള്ളിയതായി കമൽനാഥ് പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. എന്നാൽ കർഷകർക്ക് ലോൺ എഴുതിത്തള്ളിയെന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് മാത്രമാണ് നൽകിയതെന്നും വായ്പ എഴുതിതള്ളിയിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ലെന്നുമാണ് കമൽ പട്ടേൽ പറയുന്നത്. സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും ലോൺ എഴുതിതള്ളിയില്ലെങ്കിൽ കർഷകർ കോടതിയെ സമീപിക്കണമെന്നും കമൽനാഥിനും രാഹുൽ ഗാന്ധിക്കുമെതിരെ കേസ് നൽകണമെന്നും കമൽ പട്ടേൽ ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചനയാണ് ഇരുവരും നടത്തിയതെന്നും ഇത്തരം കേസുകളിൽ ഉടൻ നടപടി സ്വീകരിക്കുമെന്നും കമൽ പട്ടേൽ വ്യക്തമാക്കി. കർഷകരിൽനിന്ന് കാർഷികോൽപ്പനങ്ങൾ വാങ്ങിയതിൽ വ്യാപകമായ തട്ടിപ്പ് നടന്നതായും ആരോപിച്ചു.
അതേസമയം, ആദ്യഘട്ടത്തിൽ ഇരുപത് ലക്ഷം കർഷകരുടെ അരലക്ഷം വരെയുള്ള വായ്പകളാണ് കമൽനാഥ് സർക്കാർ എഴുതിത്തള്ളിയത്. രണ്ടാംഘട്ടത്തിൽ പന്ത്രണ്ട് ലക്ഷം കർഷകരുടെ കടവും എഴുതിതള്ളിയതായി പ്രഖ്യാപിച്ചു. എന്നാൽ ഇതിന്റെ ഭരണനടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് മാർച്ച് 20ന് കോൺഗ്രസ് സർക്കാർ നിലംപൊത്തി. മാർച്ച് 23നാണ് പുതിയ മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാൻ അധികാരമേറ്റത്.