ന്യൂദല്‍ഹി- കൊറോണ വൈറസ് ചികിത്സക്ക് പ്ലാസ്മ തെറാപ്പിയെ പിന്തുണക്കുന്നതിന് തെളിവുകളൊന്നും ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്ലാസ്മ തെറാപ്പി പരീക്ഷണ ഘട്ടത്തിലാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ഇതുസംബന്ധിച്ച് പഠനം നടത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. പല സംസ്ഥാനങ്ങളും ഉപയോഗിച്ചു തുടങ്ങിയെന്നും വിജയിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന.
'ഐ.സി.എം.ആര്‍ പഠനം പൂര്‍ത്തിയാകുന്നതുവരേയും ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാകുന്നത് വരേയും പ്ലാസ്മ തെറാപ്പി ഗവേഷണത്തിനോ പരീക്ഷണ ആവശ്യത്തിനോ മാത്രമേ ഉപയോഗിക്കാവൂ. ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ശരിയായ രീതിയില്‍ പ്ലാസ്മ തെറാപ്പി നടത്തിയില്ലെങ്കില്‍ ജീവന്‍ അപകടപ്പെടുത്തുന്ന സങ്കീര്‍ണ്ണതകള്‍ക്കിടയാക്കും.' -ലാവ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ് ചികിത്സക്ക് തെളിയിക്കപ്പെട്ട ഒരു ചികിത്സയല്ല പ്ലാസ്മ തെറാപ്പി. ഇത് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. ഇതിന് അംഗീകാരം ലഭിക്കുന്നത് വരെയും ഉപയോഗിക്കരുത്. ഇത് രോഗിക്ക് ദോഷകരവും നിയമവിരുദ്ധവുമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.