ന്യൂദല്‍ഹി- കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി 1500 വെന്റിലേറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. 20 ദിവസം കൊണ്ടാണ് ഇത്രയും വെന്റിലേറ്ററുകള്‍ നിര്‍മിച്ചത്. എന്നാല്‍ ഇത് ആശുപത്രികള്‍ക്കോ മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കോ കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടില്ല.
വെന്റിലേറ്റര്‍ ക്ഷാമമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണം തുടങ്ങിയതെന്നും എന്നാല്‍, ഇതുവരെ ഇത് കൈമാറിയിട്ടില്ലെന്നും മാരുതി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു. മാരുതി ജീവനക്കാര്‍ രാപകലില്ലാതെ വെന്റിലേറ്റര്‍ നിര്‍മാണത്തിനും മറ്റ് ആരോഗ്യ സംരക്ഷണ കിറ്റുകള്‍ ഒരുക്കാനുമായി നീക്കിവെച്ചിരിക്കുകയാണ്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സഹായിക്കുകയെന്നത് ഉത്തരവാദിത്തമായാണ് കമ്പനി കാണുന്നതെന്നും ആര്‍.സി ഭാര്‍ഗവ പറഞ്ഞു.
വെന്റിലേറ്റര്‍ നിര്‍മാണത്തിന് പുറമെ ഹരിയാനയിലും അനുബന്ധ പ്രദേശങ്ങളിലും റേഷന്‍ വിതരണവും ഭക്ഷണപൊതി വിതരണവും മാരുതിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
മറ്റ് ഇന്ത്യന്‍ വാഹന കമ്പനികളും ഇപ്പോള്‍ വെന്റിലേറ്റര്‍ നിര്‍മാണത്തിലാണ്. മഹീന്ദ്ര, ഹ്യുണ്ടായി, എം.ജി മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികള്‍ മെഡിക്കല്‍ ഉപകരണ നിര്‍മാണ കമ്പനികളുമായി സഹകരിച്ച് വെന്റിലേറ്റര്‍ നിര്‍മിക്കുകയായിരുന്നു.