ബീജിങ്- രണ്ട് ലക്ഷത്തോളം പേരുടെ ജീവനെടുത്ത കൊറോണ വൈറസ് നിര്‍മിച്ചത് ചൈനയാണെന്ന ഗൂഡാലോചനാ വാദത്തെ തള്ളി വുഹാന്‍ വൈറോളജി ലാബ് തലവന്‍. റോയിട്ടേഴ്‌സിനോടാണ് തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. വൈറസ് എവിടെ നിന്നാണ് ആരംഭിച്ചതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നും വുഹാന്‍ ലാബ് തലവന്‍ വ്യക്തമാക്കി. സാര്‍സ് വിഭാഗത്തിലുള്ള കോവിഡ് -2 വൈറസിന്റെ ഉത്തരവാദിത്തം ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലാണെന്നാണ് ഗൂഡാലോചനാ സിദ്ധാന്തക്കാരുടെ വാദം. മറ്റ് ചിലര്‍ അമേരിക്കയാണ് കൊറോണയുടെ ഉത്തരവാദികളെന്നും വാദം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് വുഹാന്‍ വൈറോളജി ലാബ് അധികൃതര്‍ വ്യക്തമാക്കിയത്.
കൊറോണ വൈറസ് സ്വാഭാവികമായി പരിണമിച്ചതാണെന്ന ശാസ്ത്രീയ അഭിപ്രായങ്ങളുണ്ടെങ്കിലും അത്തരം അവകാശവാദങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരമില്ല. വുഹാന്‍ ലാബില്‍ നിന്നാണോ കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് തന്റെ സര്‍ക്കാര്‍ അന്വേഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പുതിയ കൊറോണ വൈറസ് രൂപകല്‍പ്പന ചെയ്യാനോ നിര്‍മിക്കാനോ ഉള്ള കഴിവോ താല്‍പ്പര്യമോ തങ്ങളുടെ ലാബിന് ഇല്ലെന്ന് ഡബ്യുഐവി പ്രൊഫസറും നാഷനല്‍ ബയോസേഫ്റ്റി ലബോറട്ടറി ഡയറക്ടറുമായ യുവാന്‍ ഷിമിങ് പറഞ്ഞു. മാത്രമല്ല സാര്‍സ് -കോവ് -2 ജീനോമിനുള്ളില്‍ ഇത് മനുഷ്യ നിര്‍മിതമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എച്ച്‌ഐവിയിലുള്ളതിന് സമാനമായ പ്രോട്ടീന്‍ കൊറോണയിലും കണ്ടെത്തിയെന്ന വിധത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നേരത്തെ അവതരിപ്പിക്കപ്പെട്ട ശാസ്ത്രീയ പ്രബന്ധം ഇത്തരം ഗൂഡാലോചന സിദ്ധാന്തങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ പല ശാസ്ത്രജ്ഞന്മാരും കൊറോണ വന്യമൃഗങ്ങളില്‍ നിന്നാണ് പടര്‍ന്നതെന്ന വാദത്തിലാണ് ഉറച്ചുനില്‍ക്കുന്നത്. ലോകത്ത് വ്യാപകമായ മഹാമാരികളില്‍ 70 ശതമാനവും മൃഗങ്ങളില്‍ നിന്നാണ് പടര്‍ന്നിരുന്നതെന്ന് വുഹാന്‍ ലാബ് അധികൃതര്‍ അഭിപ്രായപ്പെടുന്നു. വന്യ മൃഗങ്ങളും മനുഷ്യരും തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യം ഇത്തരം പ്രശ്‌നങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ് സമീപകാലത്ത് കാണുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുടെ ഇടപെടലുകളുമൊക്കെ ഇതിന് വഴിവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ഹ്യൂമന്‍ കൊറോണ വൈറസുകളും വളര്‍ത്തുമൃഗങ്ങളില്‍ നിന്നും വവ്വാലുകളില്‍ നിന്നും എലികളില്‍ നിന്നുമാണ് ഉണ്ടായതെന്ന് ശാസ്ത്രജ്ഞരും പറയുന്നു.വുഹാന്‍ ലാബ് ഗവേഷണങ്ങള്‍ക്കായി വവ്വാലുകളില്‍ നിന്ന് ഉണ്ടാക്കിയ വൈറസ് അബദ്ധവശാല്‍ പുറത്തുവിട്ടതാണെന്ന സിദ്ധാന്തവും ലാബ് തലവന്‍ നിരസിച്ചിട്ടുണ്ട്.'ഉയര്‍ന്ന തലത്തിലുള്ള ബയോ സേഫ്റ്റി ലാബുകളില്‍ അത്യാധുനിക സംരക്ഷണ സൗകര്യങ്ങളും ലബോറട്ടറി സ്റ്റാഫുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പരിസ്ഥിതിയെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും കര്‍ശനമായ നടപടികളുണ്ട്,' അദ്ദേഹം പറഞ്ഞു.