Sorry, you need to enable JavaScript to visit this website.

ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി; ചിലരുടെ മാനസികാവസ്ഥയെ പഴിച്ച് ധനമന്ത്രി

തിരുവനന്തപുരം- സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ചിലരുടെ മാനസികാവസ്ഥയെ പഴിച്ച് ധനമന്ത്രി തോമസ് ഐസക്.


ഈ പ്രതിസന്ധികാലത്തും കേരളത്തിലെ ചിലരുടെ മാനസികാവസ്ഥ ഇങ്ങനെയാണെന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.  
ഉത്തരവിന് സ്റ്റേ വന്നതോടെ മറ്റ് സംസ്ഥാനങ്ങളുടെ ഉത്തരവുകളും സ്റ്റേ ആകുമെന്നാണ് മനസ്സിലാകുന്നത്.  ഉത്തരവ് നിയമപരമാക്കുന്നതിന് എന്ത് വേണമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനസര്‍ക്കാര്‍ ശമ്പളം താല്‍ക്കാലികമായി പിടിച്ചുവെക്കുമെന്ന് കാണിച്ച് പുറത്തിറക്കിയ ഉത്തരവ് നിയമപരമല്ല എന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇതൊരു നിയമപരമായ പ്രശ്‌നമാണ്. അതിനാല്‍ത്തന്നെ നിയമപരമായി മാത്രമേ ഇതിനെ കൈകാര്യം ചെയ്യാനാകൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.

സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുന്ന ശമ്പളം അവരുടെ സേവനത്തിന് ലഭിക്കുന്ന വേതനമാണ്. ഇത് പിടിച്ചുവയ്ക്കാന്‍ സര്‍ക്കാരിന് സര്‍വീസ് ചട്ടപ്രകാരം കഴിയില്ല. ജീവനക്കാര്‍ക്ക് ഇത് സ്വമേധയാ സംഭാവനയായി നല്‍കാന്‍ മാത്രമേ കഴിയൂ. അതിനാല്‍ത്തന്നെയാണ് പ്രളയകാലത്തുണ്ടായിരുന്ന സാലറി ചാലഞ്ചും ഇപ്പോള്‍ തല്‍ക്കാലം ശമ്പളം പിടിച്ചു വയ്ക്കാനുള്ള ഉത്തരവും രണ്ടും രണ്ടായി കണക്കാക്കുന്നത്.

കേന്ദ്ര മന്ത്രിമാരുടെ അടക്കം ശമ്പളം മുപ്പത് ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ഉത്തരവ് ഓര്‍ഡിനന്‍സ് ആയിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. സമാനമായ രീതിയില്‍ കേരളവും ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരണമായിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. എന്നാല്‍ എപ്പിഡമിക്‌സ് ഡിസീസസ് ആക്ടും, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടും അനുസരിച്ച് ശമ്പളം പിടിക്കാന്‍ നിലവിലെ അടിയന്തരസാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് കഴിയുമെന്നും 80,000 കോടി രൂപയുടെ നഷ്ടത്തിലാണ് സര്‍ക്കാരെന്നും കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചിരുന്നു.

 

 

 

Latest News