ന്യൂദല്‍ഹി- മൊബൈല്‍ സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഇങ്ങനെ ബന്ധിപ്പിക്കാത്ത മുഴുവന്‍ സിം കാര്‍ഡുകളും 2018 ഫെബ്രുവരിയോടെ റദ്ദാക്കും.
കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവുകള്‍ അടിസ്ഥാനമാക്കിയാണ് ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍ നടപ്പാക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എല്ലാ സിം കാര്‍ഡുകളും ഒരു വര്‍ഷത്തിനകം ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്ന് ലോക്‌നിധി ഫൗണ്ടേഷന്‍ കേസിലാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ഭീകരര്‍ക്കും ക്രിമിനലുകള്‍ക്കും തട്ടിപ്പുകാര്‍ക്കും സിം കാര്‍ഡ് ദുരുപയോഗം ചെയ്യാനുള്ള അവസരം നിഷേധിക്കാനാണിത്.
ബയോമെട്രിക്‌സ് വിവരങ്ങള്‍ മൊബൈല്‍ സേവനദാതാക്കള്‍ക്ക് സൂക്ഷിക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
ശേഖരിക്കുന്ന വിരലടയാളം എന്‍ക്രിപ്റ്റ് ചെയ്ത് അപ്പോള്‍ തന്നെ യുഐഡിഎഐയിലേക്ക് അയക്കുകയാണ് ചെയ്യുക. ബയോമെട്രിക് മൊബൈല്‍ കമ്പനി സൂക്ഷിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി 2016 ലെ ആധാര്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളില്‍ 90 ശതമാനവും പ്രീ പെയ്ഡ് ഉപയോക്താക്കാളണ്. ഇവരുടെ സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഒരു വര്‍ഷത്തിനകം ഫലപ്രദമായി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പു നല്‍കിയിരുന്നു. രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ വിരലടയാളവും ആധാര്‍ നമ്പറും ശേഖരിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി വരികയാണ്.
എയര്‍പോര്‍ട്ടിലെത്തുന്നത് മുതല്‍ നാട്ടിലെ ഉപയോഗത്തിനായും ബാങ്കുകളിലെ മെസേജ് സ്വീകരിക്കുന്നതിനായും മറ്റും ഒട്ടുമിക്ക പ്രവാസികളും നാട്ടിലെ സിം കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. സ്ഥിരമായി റീചാര്‍ജ് ചെയ്താണ് നമ്പര്‍ നിലനിര്‍ത്തുന്നത്. ഒരു വര്‍ഷം വരെ സിം ഡിആക്ടീവ് ആകാതിരിക്കാന്‍ വിവിധ കമ്പനികള്‍ ചാര്‍ജ് ഈടാക്കിയും സൗകര്യം ഒരുക്കുന്നുണ്ട്.
ഇനിയും ആധാര്‍ എടുക്കാത്ത പ്രവാസികള്‍ ധാരാളമാണ്. ആധാര്‍ നമ്പറിനോടൊപ്പം വിരലടയാളം കൂടി നല്‍കിയാണ് മൊബൈല്‍ കമ്പനികള്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നത്. ആധാറില്ലാത്തവരും നാട്ടില്‍ പോയി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരുമായ പ്രവാസികള്‍ക്ക് നമ്പര്‍ നഷ്ടപ്പെടരുതെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ബന്ധുക്കളുടെ പേരില്‍ മാറ്റുക മാത്രമേ നിര്‍വാഹമുള്ളൂ. നിങ്ങളുടെ പേരിലെടുത്ത പ്രീപെയ്ഡ് കണക് ഷനാണെങ്കിലും ആധാറും വിരലടയാളവും നല്‍കുന്നയാളിലേക്ക് നമ്പര്‍ മാറും.