ബംഗളൂരു- രാജ്യത്തെ സൈനിക താവളങ്ങളില്‍ പത്താന്‍കോട്ട് മാതൃകയില്‍ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ. പത്താന്‍കോട്ട് സംഭവിച്ചതുപോലെ സൈന്യത്തെ ഇനിയും ലക്ഷ്യമിടാമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സ്ഥലത്ത് ആക്രമണം നടത്തി ഭീകരര്‍ നമ്മെ ഞെട്ടിക്കും- വ്യോമസേനാ മേധാവി ആയിരുന്ന എയര്‍ ചീഫ് മാര്‍ഷല്‍ എല്‍.എം. കത്രെ സ്മാരക വാര്‍ഷിക പ്രഭാഷണത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതിര്‍ത്തിക്കപ്പുറത്ത് നിന്നെത്തിയ സായുധ ഭീകര സംഘം 2016 ജനുവരി രണ്ടിനാണ് പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിച്ചത്. ഏഴ് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിനുശേഷം വ്യോമ താവളങ്ങളുടെ സുരക്ഷക്കായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.