ന്യൂദൽഹി- കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ റിപ്പബ്ലിക് ടി.വി എഡിറ്ററും സംഘ് പരിവാർ മാധ്യമപ്രവർത്തകനുമായ അർണബ് ഗോസ്വാമിയെ മുംബൈ പോലീസ് 12 മണിക്കൂർ ചോദ്യം ചെയ്തു. റിപ്പബ്ലിക്ക് ടിവി ചർച്ചയിൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെക്കുറിച്ചുള്ള അർണബിന്റെ വിവാദ പരാമർശത്തെ തുടർന്ന് മഹാരാഷ്ട്ര ഊർജ മന്ത്രി നിതിൻ റാവത്ത് നൽകിയ പരാതിയിൽ നാഗ്പൂർ പോലീസാണ് എഫ്.ഐ.ആർ ഫയൽ ചെയ്തത്. ഈ കേസ് പിന്നീട് മുംബൈ പോലീസിന് കൈമാറുകയായിരുന്നു. കലാപമുണ്ടാക്കുനുള്ള ഉദ്ദേശത്തോടെ പ്രകോപിപ്പിക്കുക, രണ്ടു മത വിഭാഗങ്ങൾക്കിടയിൽ മതപരമോ വംശീയമോ ആയ ശത്രുത വളർത്താൻ പ്രേരിപ്പിക്കുക, ഒരു മതത്തെയോ മത വിശ്വാസത്തെയോ അപമാനിക്കുക, മാനനഷ്ടം എന്നിവയാണ് അർണബിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇന്നലെ രാവിലെയാണ് അർണബ് ചോദ്യം ചെയ്യലിന് ഹാജരായത്.
'സോണിയാ ഗാന്ധിയെക്കുറിച്ച് ഞാൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ഞാൻ എന്റെ പ്രതികരണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ പറഞ്ഞത് വ്യക്തവും സത്യവുമാണ്. എനിക്ക് പറയാനുള്ളത് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അവർ അതിൽ സംതൃപ്തരുമാണ്,' അർണബ് പറഞ്ഞു.