ഗുണ്ടൂര്‍, ആന്ധ്രപ്രദേശ്- ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ നടുറോഡില്‍ നിസ്‌കരിച്ച പോലീസുകാരന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റമദാന്‍ വ്രതം അനുഷ്ടിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ റോഡില്‍ നിസ്‌കരിക്കുന്ന ചിത്രങ്ങള്‍ സഹപ്രവര്‍ത്തകരാണ് പകര്‍ത്തിയത്. ഗുണ്ടൂര്‍ നഗരത്തില്‍ ലോക്ക്‌ഡൌണ്‍ ഡ്യൂട്ടിയിലായിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കരീമുല്ലയാണ് റോഡില്‍ നിസ്‌കരിച്ചത്. കരീമുല്ല പ്രാര്‍ത്ഥിക്കുന്ന സമയത്ത് മറ്റ് ഉദ്യോഗസ്ഥര്‍ സമീപത്ത് കാത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗുണ്ടൂരിലെ ലാലാപേട്ട് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കരീമുല്ല.കരീമുല്ലയുടെ ഡ്യൂട്ടിയോടുള്ള ആത്മാര്‍ത്ഥതയും പ്രാര്‍ത്ഥന തടസപ്പെടാതിരിക്കാനായുള്ളസഹപ്രവര്‍ത്തകരുടെ സഹകരണവും കുറഞ്ഞ സമയത്തിനുള്ളിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ആന്ധ്ര പ്രദേശില്‍ കോവിഡ് 19 വ്യാപനത്തില്‍ ഏറ്റവുമധികം ബാധിക്കപ്പെട്ട ജില്ലയാണ് ഗുണ്ടൂര്‍. റെഡ് സോണിലാണ് ഗുണ്ടൂരിനെ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.