ന്യൂദല്‍ഹി- നീതിന്യായ സ്ഥാപനം സര്‍ക്കാരിന്റെ ബന്ദിയല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. സര്‍ക്കാരിന്റെ വാദങ്ങള്‍ പരിശോധിക്കാതെ തന്നെ സുപ്രീം കോടതി അംഗീകരിക്കുകയാണെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചതിനു പിന്നാലെയായിരുന്നു പരമോന്നത നീതിപീഠത്തിന്റെ പ്രതികരണം.
രാജ്യത്തെമ്പാടും കുടുങ്ങിയിരിക്കുന്ന കുടിയേറ്റ തൊഴിലാളികളെ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം നാടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടിയിരിക്കയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നീതിന്യായ സംവിധാനത്തില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിന് ഹാജരാകുന്നുവെന്ന് ജസ്റ്റിസ് എന്‍.വി. രമണ, സഞ്ജയ് കിഷന്‍ കൗള്‍, ബി.ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ച് പ്രശാന്ത് ഭൂഷനോട് ചോദിച്ചു.
ഇതൊരു ഭരണഘടനാ സ്ഥാപനമാണെന്നും കുടിയേറ്റ തൊഴിലാളികളുടെ മൗലികാവശങ്ങള്‍ ലംഘിക്കപ്പെടുന്നതിലുള്ള രോഷമാണ് താന്‍ പ്രകടിപ്പിക്കുന്നതെന്നും
പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.
കോടതിയില്‍ വിശ്വാസമില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തനിക്ക് തെറ്റിയാലും ഇതേ അഭിപ്രായം തന്നെയാണ് ഏതാനും റിട്ട. ജഡ്ജിമാരും പ്രകടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൗലികവകാശങ്ങള്‍ നടപ്പിലാക്കുന്നതില്‍ തനിക്ക് മാത്രമേ ആശങ്കയുള്ളൂവെന്ന് പ്രശാന്ത് ഭൂഷണ്‍ ധരിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.