ന്യൂദൽഹി- കോവിഡ് ഗുരുതരമായി ബാധിച്ചവർക്ക് വേണ്ടി പ്ലാസ്മ നൽകി യു.പിയിൽനിന്നുള്ള ഡോക്ടർ. കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടർ തൗസീഫ് ഖാനാണ് പ്ലാസ്മ തെറാപ്പിക്ക് വേണ്ടി രക്തം നൽകിയത്. ഇദ്ദേഹത്തിന് ഈയിടെയാണ് കോവിഡ് രോഗം ഭേദമായത്. യു.പിയിൽ ആദ്യമായി കോവിഡ് ബാധിച്ച ഡോക്ടറായിരുന്നു തൗസീഫ് ഖാൻ. 21 ദിവസം ഐസലേഷനിലായിരുന്ന തൗസീഫിന്റെ പരിശോധന ഫലം നെഗറ്റീവായിരുന്നു. നേരത്തെയുള്ള 21 ദിവസത്തിന് ശേഷം 14 ദിവസം കൂടി ക്വാറന്റൈനിൽ പോയി. അസുഖം പൂർണമായും ഭേദമായതിന് ശേഷമാണ് രക്തം പ്ലാസ്മ ചികിത്സക്കായി നൽകുന്നത്. രോഗം ഭേദമായ എല്ലാവരും പ്ലാസ്മ ചികിത്സക്ക് വേണ്ടി രക്തം ദാനം ചെയ്യണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ രക്ഷിക്കാൻ ഇതുവഴി സാധിക്കും. തീരെ ബുദ്ധിമുട്ടില്ലാത്ത നടപടിക്രമം മാത്രമാണ് പ്ലാസ്മ കൈമാറ്റമെന്നും ഡോക്ടർ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. പ്ലാസ്മ ദാനം ചെയ്യാൻ ആളുകൾ മതഭേദമില്ലാതെ മുന്നോട്ട് വരണമെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടിരുന്നു. ഒരു ഹിന്ദുവിന്റെ പ്ലാസ്മ കൊണ്ടും ഒരു മുസ്ലീമിന്റെയും അതു പോലെ തന്നെ തിരിച്ചും ജീവൻ രക്ഷിക്കാൻ കഴിയും. രോഗം ഭേദമായവർ മുന്നോട്ട് വന്ന് പ്ലാസ്മ ദാനം ചെയ്യണം. നമ്മളെല്ലാവരും കൊറോണ വൈറസ് ബാധയിൽ നിന്നു പുറത്തു കടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. നാളെ ഒരിക്കൽ ഗുരുതരമായ ഒരു ഹിന്ദുവായ ഒരാളുടെ ജീവൻ രക്ഷിക്കാൻ ഒരു മു്‌സ്‌ലിമിന്റെ പ്ലാസ്മ കൊണ്ടു സാധിക്കില്ലെന്ന് ആർക്കറിയാം. അതു പോലെ തന്നെ ഒരു മുസ്‌ലിമിന്റെ ജീവൻ രക്ഷിക്കാൻ ഹിന്ദുവായ ഒരാളുടെ പ്ലാസ്മ കൊണ്ടും സാധിക്കും. മത ഭേദമന്യേ ആർക്ക് വേണമെങ്കിലും കോവിഡ് ബാധിക്കാമെന്നും കേജരിവാൾ പറഞ്ഞു.
എൽഎൻജെപി ആശുപത്രിയിൽ കോവിഡ് ബാധിച്ചു ഗുരുതര നിലയിലായ ഒരാളുണ്ടായിുന്നു. അയാൾക്ക് പ്ലാസ്മ തെറാപ്പി നൽകുകയും ഇപ്പോൾ നില മെച്ചപ്പെട്ടു വരുന്നുമുണ്ട്. അതിനാൽ തന്നെ പ്ലാസ്മ തെറാപ്പിക്ക് ഏറെ സാധ്യതകളുണ്ടെന്നും കേജരിവാൾ പറഞ്ഞു.
കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് കോൺവാലസെൻറ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചക്ക് ശേഷം ഇവരുടെ രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആൻറിബോഡി കോവിഡ് രോഗിയിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്. ഈ കുത്തിവെപ്പ് നടത്തിയതോടെ രോഗലക്ഷണങ്ങൾ കുറയുകയും ശരീരത്തിൽ ഓക്‌സിജന്റെ അളവ് കൂടുകയും വൈറസ് പതുക്കെ നിർവീര്യമായി തുടങ്ങുകയും ചെയ്തുവെന്ന് ഗവേഷക സംഘം പറയുന്നു.