ന്യൂദല്‍ഹി-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം കുറയ്ക്കാനുള്ള ഒരു നീക്കവും നടത്തുന്നില്ലയെന്ന് പേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ചില മാധ്യമങ്ങളില്‍ ഇത്തരം നീക്കമുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും അത് വാസ്തവമല്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസാണ്. 50 വയസിനു മുകളിലുള്ള ജീവനക്കാരുടെ വിരമിക്കല്‍ പ്രായത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുമെന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു രീതിയിലുമുള്ള ചര്‍ച്ചകളോ നീക്കങ്ങളോ നടത്തിയിട്ടില്ലയെന്നും ഈ വിഷയം സര്‍ക്കാരിന്റെ പരിഗണനയില്ലെന്നും മന്ത്രി പറഞ്ഞു.
ഇത്തരം റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിച്ച് വരുന്നത് ഖേദകരമാണെന്നും പലതവണകളായി പേഴ്‌സണല്‍ മന്ത്രാലയം വിശദീകരണം നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ഇത്തരം വാര്‍ത്തകള്‍ നിര്‍ഭാഗ്യകരമാണെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.