ന്യൂദല്‍ഹി- മുന്‍ യുപിഎ സര്‍ക്കാരില്‍ പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജനെതിരെ സിബിഐ അഴിമതി ആരാപിട്ടു കേസെടുത്തു. അവരുടെ ചെന്നൈയിലെ വീട് റെയ്ഡ് ചെയ്തു. കേന്ദ്ര മന്ത്രിയായിരിക്കെ ഖനനത്തിനു വേണ്ടി വനഭൂമി തരംമാറ്റുന്നതില്‍ നിയമ ലംഘനം നടത്തി എന്നാരോപിച്ചാണ് കേസ്. ജാര്‍ഖണ്ഡിലെ ഇലക്ടോസ്റ്റീല്‍ കാസ്റ്റിംഗ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കു വേണ്ടി ജയന്തി തന്റെ മന്ത്രി പദവി ദുരുപയോഗം ചെയ്ത് ഇളവു നല്‍കിയെന്നാണ് സിബിഐ ആരോപണം. ജയന്തിയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
'55.79 ഹെക്ടര്‍ വനഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഈ കമ്പനിക്കു അനുമതി നല്‍കി. നേരത്തെ സഹമന്ത്രിയായിരിക്കെ ജയന്തി ഇതു തള്ളിയിരുന്നു. എന്നാല്‍ സാഹചര്യങ്ങളില്‍ ഒരു മാറ്റവുമില്ലാതെയാണ് പിന്നീട് കമ്പനിക്കു അനുമതിയത് നല്‍കിയത്,' സിബിഐ രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആറില്‍ പറയുന്നു.
പല പദ്ധതികള്‍ക്കും അനുമതി നല്‍കിയതു സംബന്ധിച്ച് ജയന്തി നടരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ 2015-ല്‍ സിബിഐ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. യുപിഎ ഭരണകാലത്ത് ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ജയന്തിയെ മാറ്റിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് പല അനുമതികളും നല്‍കിയതെന്ന് വെളിപ്പെടുത്തി ജയന്തി സോണിയാ ഗാന്ധിക്കെഴുതിയ കത്തും വിവാദമായിരുന്നു. ബിജെപിയുമായി ബന്ധമുള്ള കോര്‍പറേറ്റ് കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജയന്തിയുടെ കത്തെന്നായിരുന്ന കോണ്‍ഗ്രസിന്റെ പ്രതികരണം.