അഹമദാബാദ്: ഗുജറാത്ത് കലാപ കാലത്ത് നരോദ ഗ്രാമില്‍ 11 മുസ്ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട കേസില്‍ പ്രതിയായ മുതിര്‍ന്ന ബിജെപി നോതവ് മായ കൊട്‌നാനിക്ക് പ്രതിഭാഗം സാക്ഷിയായ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കോടതിയില്‍ ഹാജരാക്കാന്‍ നാലു ദിവസം കൂടി സമയം അനുവദിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കൂട്ടക്കൊല കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കൊട്‌നാനി മുന്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി മന്ത്രിസഭയില്‍ പ്രമുഖ അംഗം കൂടിയായിരുന്നു. നരോദാ ഗ്രാം കൂട്ടക്കൊല കേസ് വിചാരണയാണിപ്പോള്‍ പ്രത്യേക എസ് ഐ ടി കോടതിയില്‍ നടന്നു വരുന്നത്.
കോടതി സമന്‍സ് അയക്കേണ്ട അമിത് ഷായുടെ വിലാസം കണ്ടെത്താനായില്ലെന്നാണ് കൊട്‌നാനി കോടതിയില്‍ പറഞ്ഞത്. ഇതിനായി പത്തു ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും നാലു ദിവസത്തെ സമയമാണ് കോടതി അനുവദിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കേസില്‍ അമിത് ഷാ ഉള്‍പ്പെടെ മുഴുവന്‍ പ്രതിഭാഗം സാക്ഷികളെയും ഹാജരാക്കാന്‍ വെള്ളിയാഴ്ച വരെയാണ് നേരത്തെ കോടതി സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അമ്ത് ഷായുടെ യാതൊരു അഡ്രസുമില്ലെന്നും അദ്ദേഹത്തെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും കൊട്‌നാനി വെള്ളിയാഴ്ച സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രതിഭാഗം സാക്ഷികളെ വിസ്തരിക്കാന്‍ ഏപ്രിലിലാണ് കോടതി കൊട്‌നാനിക്ക് അനുമതി നല്‍കിയത്. തുടര്‍ന്നുള്ള വാദം കേള്‍ക്കലില്‍ അമിത ഷായെ വിസ്തരിക്കാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമാക്കണമെന്ന് കോടതി കൊട്‌നാനിയോട് ആവശ്യപ്പെട്ടിരുന്നു.
പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന ഗുജറാത്ത് കലാപകാലത്തെ ഒമ്പത് കൂട്ടക്കൊല കേസുകളിലൊന്നായ നരോദ ഗ്രാം കേസില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആഴ്ചകള്‍ക്കു മുമ്പ് സുപ്രീം കോടതി പ്രത്യേക എസ് ഐ ടി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ഉള്‍പ്പെടെയുള്ളവ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണെന്നും മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.