ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍

ന്യൂദല്‍ഹി- കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ആറ്  സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, ദല്‍ഹി, പഞ്ചാബ്, ഒഡീഷ, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഏപ്രില്‍ 14 ന് നീട്ടിയ ലോക്ക്ഡൗണ് കാലാവധി  മേയ് 3ന് അവസാനിക്കാനിരിക്കെ നാളെ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെടും.

തെലങ്കാന നേരത്തേ തന്നെ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. മേയ് 7 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അവസാനമായി സംസ്ഥാനം വ്യക്തമാക്കിയത്. പ്രതിസന്ധി ഏറ്റവും രൂക്ഷമായ മഹാരാഷ്ട്ര കോവിഡ് ഹോട്ട്സ്പോട്ടുകളായ മുംബൈ, താനെ എന്നിവിടങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്രം നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നുവെങ്കില്‍ സംസ്ഥാനം വിലക്കുകളുമായി മുന്നോട്ട് പോകുമെന്നാണ് മഹാരാഷ്ട്രയില്‍നിന്നുള്ള വിവരം. മെയ് പകുതി വരെ വിലക്ക് നീട്ടണമെന്നാണ് ദല്‍ഹിയുടെ ആവശ്യം.

അതേസമയം, രോഗവ്യാപനം താരതമ്യേനെ കുറഞ്ഞ സംസ്ഥാനങ്ങള്‍ വിലക്കുകള്‍ ലഘൂകരിച്ചുതുടങ്ങിയിട്ടുണ്ട്. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരുന്നതിനെ അനുകൂലിച്ചേക്കില്ല. ഇതിനാല്‍ അന്തര്‍സംസ്ഥാന ഗതാഗതങ്ങള്‍ പൂര്‍ണമായി നിരോധിച്ച് അതാത് കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുകയാവും ഇനി കേന്ദ്രം ചെയ്യുക.

Latest News