ന്യൂദല്‍ഹി- ഗോമൂത്രം സേവിച്ചാല്‍ കോവിഡില്‍ നിന്ന് രക്ഷ നേടാമെന്നതുള്‍പ്പെടെ വ്യാജവും വിചിത്രവുമായ പല അവകാശവാദങ്ങള്‍ക്കിടയില്‍ ഇപ്പോഴിതാ വ്യത്യസ്ത ചികിത്സാ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് യോഗ ഗുരു ബാബ രാംദേവ്.
കടുകെണ്ണ മൂക്കിലൊഴിച്ചാല്‍ ശ്വാസനാളിയില്‍ കൊറോണ വൈറസ് സന്നിധ്യമുണ്ടെങ്കില്‍ അത് വയറ്റിലേക്ക് ഒഴുകിയെത്തുകയും വയറ്റിലെ ആസിഡുമായി ചേര്‍ന്ന് ചത്തുപോവുകയും ചെയ്യുമെന്നാണ് രാംദേവിന്റെ പുതിയ അവകാശവാദം. മാത്രമല്ല തൊണ്ട ചേര്‍ത്തുകൊണ്ടുള്ള 'ഉജ്ജായ് ശ്വാസം' എടുത്തുള്ള പ്രാണായാമവും കോവിഡിനെ പ്രതിരോധിക്കുമെന്നും രാംദേവ് അവകാശപ്പെട്ടു.
കൊറോണ വൈറസിന് ഉജ്ജായ് എന്ന ഒരു പ്രത്യേകതരം പ്രാണായാമമുണ്ട്. ഇതില്‍ നിങ്ങളുടെ തൊണ്ട ചേര്‍ത്ത് മൂക്കിലൂടെ ശ്വാസമെടുക്കുക, അല്‍പനേരം ശ്വാസം പിടിച്ചു നിര്‍ത്തുക, ശേഷം പതിയെ പുറത്തേക്ക് വിടുക, ഇങ്ങനെ ചെയ്യുന്നത് കോവിഡ് ഉണ്ടോ എന്നറിയാനുള്ള സ്വയം പരിശോധനയാണെന്ന് രാംദേവ് പറഞ്ഞു.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോ, മാനസിക സമ്മര്‍ദമോ, പ്രമേഹമോ ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും അവരുടെ ശ്വാസം 30 സെക്കന്‍ഡും ചെറുപ്പക്കാര്‍ക്ക് ഒരു മിനിറ്റ് നേരവും പിടിച്ചുവെക്കാമെന്നും ഇത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് ലക്ഷണങ്ങളോടു കൂടിയതും അല്ലാത്തതുമായ കോവിഡ് ഇല്ലെന്നാണെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.രാജ്യത്ത് ഇതുവരെ 24000ത്തില്‍പരം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 775 പേര്‍ മരണത്തിന് കീഴടങ്ങുകയും 5,062 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.