ഭോപ്പാൽ- ഏറെ കോളിളക്കം സൃഷ്ടിച്ച വ്യാപം പരീക്ഷാ അഴിമതിക്കു ശേഷം മധ്യപ്രദേശിൽ മറ്റൊരു പരീക്ഷാത്തട്ടിപ്പു കൂടി പുറത്ത്. ഈ വർഷം നടത്തിയ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ പരീക്ഷ എഴുതാത്ത നൂറിലേറെ പേർ വിജയിച്ചതുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടുകൾ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓപൺ സ്‌കൂളിങ് കേന്ദ്ര മാനവിഭവ വികസന മന്ത്രാലത്തെ സമീപിച്ചു. ഓപൺ സ്‌കൂൾ നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഓഗസ്റ്റ് 22ന് സർക്കാരിനോട് നിർദേശിച്ചിരുന്നതായി ഓപൺ സ്‌കൂൾ ചെയർമാൻ ചന്ദ്ര ബി ശർമ പറഞ്ഞു.
മധ്യപ്രദേശിലെ റത്‌ലാം, ഉമരിയ, സെഹോർ എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലാണ് തിരിമറികൾ നടന്നതായി കണ്ടെത്തിയത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് വെളിപ്പെടുത്താൻ ശർമ തയാറായില്ല. ഏജൻസിയുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓപൺ സ്‌കൂളിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് പരിഗണിച്ചു വരികയാണെന്നും കേന്ദ്ര മാനവവിഭവ വികസന മന്ത്രലായം വൃത്തങ്ങൾ അറിയിച്ചു.
മന്ത്രാലയത്തിനു കീഴിലുള്ള സ്വതന്ത്ര ഏജൻസിയാണ് നാഷണൽ ഓപൺ സ്‌കൂൾ. ലോകത്തെ ഏറ്റവും വലിയ ഓപൺ സ്‌കൂൾ ബോർഡാണിത്. കഴിഞ്ഞ മാർച്ച്ഏപ്രിൽ മാസങ്ങളിൽ നടത്തിയ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ രണ്ടു ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്.
മധ്യപ്രദേശിലെ പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷിക്കാൻ ജൂണിൽ ഓപൺ സ്‌കൂൾ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷയ്ക്ക് ഹാജരായിട്ടില്ലെന്ന സംശയത്തിന്റെ നിഴലിലായ ആയിരത്തിലേറെ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവച്ചു. ഈ സമിതി റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നും ശർമ പറഞ്ഞു.