ന്യൂദൽഹി- ലോക്ക്ഡൗണിനിടെ കോവിഡ് വൈറസിനെ ചൊല്ലി രാജ്യത്ത് മുസ്‌ലിംകള്‍ക്ക് എതിരെ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ അറബ് നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കര്‍.
ഫേക്ക് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് വിവിധ ഹിന്ദുത്വ സംഘടനകളാണ് ലോക്ക്ഡൗണിനിടെ രാജ്യത്ത് ഇസ്‌ലാമോഫോബിയ പടര്‍ത്തുന്നതെന്ന് നേരത്തേ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അറബ് രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഇന്ത്യ അനുനയ നീക്കമെന്നോണം വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മെയ് 3 വരെ തിരിച്ചെത്തിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. കോവിഡ് പടര്‍ന്നുപിടിച്ച പല ഗള്‍ഫ് രാജ്യങ്ങളും പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്കെതിരേ കടുത്ത നിലപാട് എടുക്കാതിരിക്കാനുള്ള അനുനയ ശ്രമമായും ഇന്ത്യയുടെ നീക്കം വിലയിരുത്തപ്പെടുന്നു. മോഡി അറബ് നേതാക്കളെ ബന്ധപ്പെട്ടതിന് പിറകേയാണ് വിദേശകാര്യമന്ത്രിയും അതാത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരെ ബന്ധപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
നിലവില്‍ മെയ് മൂന്നിന് ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിയില്ല എന്നാണ് ഇന്ത്യ അറിയിച്ചിരുന്നതെങ്കിലും ഇതിന് ശേഷം എങ്ങനെയാണ് ഇത് നടപ്പിലാക്കുക എന്ന് വ്യക്തമല്ല. തിരിച്ചെത്തുന്ന ആയിരക്കണക്കിന് പേരെ ഒരേ സമയം ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക ബുദ്ധിമുട്ടാണെന്നായിരുന്നു നേരത്തേ പ്രവാസികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചത്.