മുംബൈ- രാജ്യത്ത് കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ മരണം 300 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് മരണപ്പെട്ടത്. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 301 ആയി. 394 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 6817 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ കണ്ടെത്തി. ഇതില്‍ 840 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികളുള്ളത് മുംബൈയിലാണ്. 3096 പേര്‍ക്കാണ് ഇവിടെ രോഗബാധ കണ്ടെത്തിയത്. അതേസമയം, സംസ്ഥാനത്ത് ദിവസേനയുള്ള കേസുകളുടെ എണ്ണത്തിൽ വെള്ളിയാഴ്ച അമ്പത് ശതമാനത്തിനടുത്ത് കുറവ് വന്നതായി അരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യാഴായ്ച 778 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോള്‍ വെള്ളിയാഴ്ച ഇത് 394 ആയി കുറഞ്ഞു. മുംബയിലും ഈ മാറ്റം പ്രകടമാണ്. വ്യാഴാഴ്ച 522 പുതിയ രോഗികള്‍ ഉണ്ടായപ്പോള്‍ വെള്ളി ഇത് 242 ആയി ചുരുങ്ങി.