മുംബൈ- ഇന്ത്യയെ മുൾമുനയിൽ നിർത്തി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. വ്യാഴാഴ്ച ഇവിടെ 25 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ വെള്ളിയാഴ്ച പുതുതായി ആറു കേസുകൾ മാത്രമാണുണ്ടായത്. 2.1 കിലോമീറ്ററിൽ പരന്നുകിടക്കുന്ന ധാരാവിയിൽ എട്ടുലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ട്. വെള്ളിയാഴ്ച ഒരു മരണവും ഇവിടെ റിപോർട്ട് ചെയ്തു. ഇതേവരെ 220 കേസുകളാണ് ധാരാവിയിലുള്ളത്. 14 പേർ മരിക്കുകയും ചെയ്തു.
ധാരാവിയിൽ കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ശക്തമായ നടപടികളാണ് ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ(ബി.എം.സി) സ്വീകരിച്ചത്. മേഖലയെ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ച അധികൃതർ ആരെയും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. ഡോർ ടു ഡോർ ഡെലിവെറി സംവിധാനവും ഏർപ്പെടുത്തി. ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള വസ്തുക്കളെല്ലാം വീട്ടുപടിക്കൽ എത്തിക്കുന്നുണ്ട്. അരലക്ഷത്തോളം പേരെ ഇവിടെ ഐസലോഷനിൽ പാർപ്പിച്ചിട്ടുണ്ട്.