സോള്‍- കൊറോണ വൈറസ് ഭീഷണി കഴിഞ്ഞാലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ജീവിത രീതിയെക്കുറിച്ച് മാര്‍ഗ നിര്‍ദേശവുമായി ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍. സൗകര്യപ്രദമായ ജോലിക്രമം, പൊതുഗതാഗതം, ഹോട്ടല്‍ ഭക്ഷണം എന്നിവയിലടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കൊറിയന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
കോവിഡ്19 രണ്ടുവര്‍ഷത്തോളം നിലനില്‍ക്കുമെന്നാണെന്നും അതിനാല്‍ തന്നെ കൊറോണ വ്യാപനത്തിന് മുമ്പുള്ള ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചുപോകനാകില്ലെന്ന യാഥാര്‍ഥ്യം നാം അംഗീകരിക്കേണ്ടതുണ്ടെന്നുമാണ് ചില ആരോഗ്യ വിദഗ്ധര്‍ പ്രവചിക്കുന്നതെന്ന് ഉപ ആരോഗ്യ മന്ത്രി കിം ഗാംഗ് ലിപ് പറഞ്ഞു. ഒരേ സമയം സാമ്പത്തികവും സാമൂഹികവുമായ പ്രവര്‍ത്തനം നടത്തുന്നതിനൊപ്പം കൊറോണയെയും പ്രതിരോധിച്ചുകൊണ്ട് സാധാരണ നിലയിലേയ്ക്ക് മടങ്ങാനുള്ള പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൈ കഴുകല്‍, ശാരീരിക അകലം പാലിക്കല്‍, താപനില പരിശോധന, അണുനശീകരണം എന്നീ കാര്യങ്ങള്‍ ജോലി സ്ഥലങ്ങള്‍, ഗതാഗതം, റെസ്‌റ്റോറന്റുകള്‍, ഷോപ്പിംഗ്, കായിക മത്സരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ എങ്ങനെ വേണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
ജോലിസ്ഥലങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സുകള്‍, ഓണ്‍ലൈന്‍ പരിശീലനം, വീട്ടിലിരുന്നുള്ള ജോലി, സൗകര്യപ്രദമായ ജോലി സമയം എന്നിവ ഉപയോഗിക്കണം. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ ഒഴിഞ്ഞ വരികളിലെ സീറ്റുകള്‍ ബുക്ക് ചെയ്യണം. ഒരുമിച്ച് ഇരിക്കരുത്, മാസക് ധരിക്കണം, ടാക്‌സി യാത്രയ്ക്ക്‌മൊബൈല്‍ പേയ്‌മെന്റുകള്‍ ഉപയോഗിക്കണം, ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ വേഗം കഴിച്ച് മടങ്ങണം, ഭക്ഷണം കഴിക്കാന്‍ വ്യക്തിഗത പാത്രങ്ങള്‍ ഉപയോഗിക്കണം എന്നിവയാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്.