ബെംഗളൂരു- കര്‍ണാടകയിലെ പാദരായണപുരയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഏപ്രില്‍ 22 മുതല്‍ ഇവര്‍ രാമനഗര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി സംസ്ഥാന സര്‍ക്കാരാണ് അറിയിച്ചത്. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കലാപത്തില്‍ പങ്കെടുത്തതായി സംശയിക്കുന്ന 149 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 82 പേരെ ബെംഗളൂരുവിലെ വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും 52 പേരെ രാമനഗര ജയിലിലേക്കുമാണ് മാറ്റിയിരുന്നത്. നഗരത്തിലെ ഹോട്ട് സ്‌പോട്ടുകളിലൊന്നായ പാദരായണപുരയില്‍ നിന്നുള്ളവരായതിനാല്‍ എല്ലാവരിലും കോവിഡ് പരിശോധന നടത്തിയിരുന്നു. കോവിഡ്19 രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ചിലരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള അധികൃതരുടെ നീക്കമാണ് പ്രദേശവാസികളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.